വി.കെ. കുര്യൻ സ്മാരക ജീവകാരുണ്യ അവാർഡ് സ്വരുമ പാലിയേറ്റീവ് കെയറിന്
1509080
Tuesday, January 28, 2025 11:47 PM IST
കുറവിലങ്ങാട്: കോൺഗ്രസ് നേതാവും സഹകാരിയും അധ്യാപകനുമായിരുന്ന വി.കെ. കുര്യന്റെ സ്മരണാർഥം മികച്ച ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുന്ന 29-ാമത് അവാർഡ് സ്വരുമ പാലിയേറ്റീവ് കെയറിന്. കാൽലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
വി.കെ. കുര്യൻ അനുസ്മരണവും അവാർഡ്ദാനവും നാളെ അഞ്ചിന് പി.ഡി. പോൾ സ്മാരക ഹാളിൽ നടക്കും. അവാർഡ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സ്വരുമ പാലിയേറ്റീവ് കെയർ ഭാരവാഹികൾക്ക് കൈമാറും.
അനുസ്മരണ സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിസിസി എക്സിക്യൂട്ടീവ് അംഗം ടോമി കല്ലാനി അനുസ്മരണപ്രഭാഷണം നടത്തും. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി തുടങ്ങിയവർ പ്രസംഗിക്കും.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബാബു തൂമ്പുങ്കൽ, എം.കെ. ഇന്ദുചൂഡൻ, ജനറൽ സെക്രട്ടറി ഷാജി പുതിയിടം, ഭാരവാഹികളായ ജയ്സൺ മണലേൽ, സിബി ഓലിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.