ചമ്പക്കര പള്ളിപ്പടി-തൊമ്മച്ചേരി റോഡ് തകർന്നു
1509313
Wednesday, January 29, 2025 7:26 AM IST
കറുകച്ചാൽ: ചമ്പക്കര പള്ളിപ്പടി- തൊമ്മച്ചേരി റോഡ് പൂർണമായി തകർന്നു. കറുകച്ചാൽ പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളിലൂടെ പോകുന്ന റോഡാണിത്. വർഷങ്ങൾക്ക് മുന്പ് ടാർ ചെയ്ത ഭാഗങ്ങൾ കാലപ്പഴക്കത്താൽ പൂർണമായി തകർന്നു കുണ്ടുംകുഴിയും നിറഞ്ഞു. തൊമ്മച്ചേരിക്ക് സമീപം അടുത്തകാലത്ത് 100 മീറ്ററോളം കോൺക്രീറ്റ് ചെയ്തതൊഴിച്ചാൽ ബാക്കി ഭാഗങ്ങൾ തകർന്ന് മെറ്റിലും ചരലും റോഡിൽ നിരന്നുകിടക്കുകയാണ്.
ഇരുചക്ര വാഹനങ്ങളോ ഓട്ടോറിക്ഷയോ കൊണ്ടുപോകാൻ കഴിയാത്തവിധം ടാറിംഗും കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളും തകർന്നു. ഓടയില്ലാത്തതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. വെള്ളം കെട്ടിക്കിടന്നാണ് ടാറിംഗ് പൂർണമായി തകർന്നതെന്ന് നാട്ടുകാർ പറയുന്നു. പള്ളിപ്പടി മുതൽ നരിക്കുഴി ഭാഗം വരെ നടക്കാൻപോലും കഴിയാത്ത വിധം തകർന്നിട്ട് കാലങ്ങളായി.
വാഴൂർ റോഡിനെയും കോട്ടയം-കോഴഞ്ചേരി റോഡിനെയും ബന്ധിക്കുന്ന എളുപ്പ വഴിയായതിനാൽ ഈ ഭാഗത്തെ ഭൂരിഭാഗം യാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്. തകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തുകയോ പൂർണമായി പുനർനിർമിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.