എംഎൽഎയും വിദ്യാർഥികളുമായി പ്രകൃതിയെ അറിയാൻ പഠന വിനോദയാത്ര
1509081
Tuesday, January 28, 2025 11:47 PM IST
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നുമായി തെരഞ്ഞെടുത്ത 100 വിദ്യാർഥികളുമായി ഫെബ്രുവരി ഒന്നിന് പഠന-വിനോദയാത്ര നടത്തും.
രാവിലെ ഏഴിന് മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നായി പുറപ്പെടുന്ന വിനോദയാത്രാ സംഘം എരുമേലിയിൽ സന്ധിച്ച് രാവിലെ 8.30ന് ആങ്ങമൂഴിയിൽനിന്നു വനമേഖലയിലൂടെ ഗവിയിലേക്ക് യാത്ര ആരംഭിക്കും. പ്രകൃതിരമണീയതയും കാനന ഭംഗിയും ആസ്വദിച്ച് ഏഴു ഡാമുകളും തടാകങ്ങളും സന്ദർശിച്ച് ഉച്ചയ്ക്ക് ഒന്നോടെ വിനോദയാത്രാസംഘം വള്ളക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തും. അവിടെനിന്നു വനപാലകരുടെ അകമ്പടിയോടെ ട്രക്കിംഗ് നടത്തി വൈകുന്നേരം അഞ്ചിനു തിരികെ പോരും.
ഡോ. ആൻസി ജോസഫിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം അധ്യാപകരും ഏതാനും പേഴ്സണാലിറ്റി ട്രെയിനർമാരും ഉൾപ്പെടെ ഇരുപതോളം അംഗങ്ങളുള്ള അധ്യാപകരുടെ ടീമണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന് നേതൃത്വം നൽകുന്നത്.
പ്രകൃതിയെ അറിയുക എന്ന സന്ദേശവുമായി എംഎൽഎയോടും ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളോടും മെന്റർ ടീച്ചർമാരോടുമൊപ്പമാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് പഠന- വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.