കാഞ്ഞിരപ്പള്ളിയില്‍ ഭിന്നശേഷിക്കാരുടെ കേന്ദ്രം അനുവദിക്കും: ഡോ.എന്‍. ജയരാജ്
1509362
Wednesday, January 29, 2025 11:36 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ഭിന്നശേഷിക്കാരുടെ കേന്ദ്രം അനുവദിക്കുമെന്ന് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവമായ ശലഭോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വിഷമത അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഭിന്നശേഷിക്കാരും അവരെ പരിപാലിക്കുന്നവരും. അവരുടെ ക്ഷേമത്തിന് ഉതകുന്ന തരത്തില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ഭിന്നശേഷിഗ്രാമം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലും ബിആര്‍സിയിലും നിന്നുമായി 216 കുട്ടികളും അവരുടെ മാതാപിതാക്കളും അടക്കം 800ല്‍ പരം ആളുകളാണ് ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന മേളയില്‍ പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശശികുമാര്‍, ബിജോയി മുണ്ടുപാലം, ജാന്‍സി സാബു, രേഖ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. മേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്കd സമ്മാനവും നല്കി.