റോഡിലെ ചരിഞ്ഞു കിടന്ന ഭാഗവും ഇന്റര്‍ലോക്ക് കട്ട നിരത്തി അപകടമൊഴിവാക്കി
1509301
Wednesday, January 29, 2025 7:19 AM IST
കടുത്തുരുത്തി: വാഹനത്തിരക്കേറിയ ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ അപകട കെണിയൊരുക്കി കാത്തിരുന്ന കുഴിയും റോഡിലെ ചരിഞ്ഞു കിടന്ന ഭാഗവും ഇന്റര്‍ലോക്ക് കട്ട നിരത്തി അപകടമൊഴിവാക്കി. കടുത്തുരുത്തി ബൈപാസിന്റെ പ്രവേശനം ആരംഭിക്കുന്ന ഭാഗത്ത് പാണാവേലി കട്ടിംഗില്‍ സ്ഥിതി ചെയ്തിരുന്ന റോഡിലുണ്ടായിരുന്ന കുഴിയും ചെരിവുമാണ് ഒഴിവാക്കിയത്.
ഒറവ ഉണ്ടായിരുന്നതിനാല്‍ ഈ ഭാഗത്ത് മുമ്പ് ഇന്റർലോക്ക് കട്ടകള്‍ നിരത്തിയിരുന്നു. എന്നാല്‍ കാലക്രമത്തില്‍ ഇവിടം ഇരുന്നു പോയതോടെ റോഡില്‍ നിന്നും താഴ്ന്ന നിലയിലായിരുന്നു ഇത്രയും ഭാഗം. ഇതുമൂലം വാഹനങ്ങള്‍ കയറ്റം കയറി വരുമ്പോള്‍ താഴ്ന്ന് കിടക്കുന്ന ഭാഗം അപകട ഭീഷിണി ഉയര്‍ത്തിയിരുന്നു. നിരവധി അപകടങ്ങളും ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. കൂടാതെ ഇവിടെ തന്നെ റോഡ് കുഴിഞ്ഞ് വലിയ ഗര്‍ത്തം രൂപപെട്ടിരുന്നു. ഇതെല്ലാം കുത്തി പൊളിച്ചെടുത്ത് മെറ്റലും ചിപ്സും നിരത്തി മുകളില്‍ വലുപ്പമുള്ള ഇന്റര്‍ലോക്ക് കട്ടകള്‍ നിരത്തുകയായിരുന്നു.
പിഡ്യൂഡിയുടെ നേതൃത്വത്തിലാണ് പണികള്‍ നടക്കുന്നത്. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഈ ഭാഗത്തെ റോഡിലെ അപകടാവസ്ഥ ചൂണ്ടിക്കാണിക്കുകയും അടിയന്തരമായി റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.