റോഡ് അടച്ച് ഹൗസിംഗ്ബോർഡ് ഗേറ്റ് നിർമിക്കുന്നെന്ന് പരാതി
1509365
Wednesday, January 29, 2025 11:36 PM IST
എരുമേലി: ഏഴ് ഏക്കറോളമുള്ള ഹൗസിംഗ് ബോർഡ് സ്ഥലത്തുകൂടി കടന്നുപോകുന്ന റോഡ് അടച്ച് അധികൃതർ ഗേറ്റ് നിർമിക്കുന്നതായി പരാതി. റോഡിന് സ്ഥലം വിട്ടു നൽകിയവർ ഉൾപ്പടെ ഒട്ടേറെ പേർ ദിവസവും സഞ്ചരിക്കുന്ന റോഡാണ് അടച്ചു ഗേറ്റ് നിർമിക്കുന്നതെന്ന് പരാതി ഉയർന്നിരിക്കുന്നത്. എരുമേലി റോട്ടറി ക്ലബ് വെയ്റ്റിംഗ് ഷെഡ് ഭാഗത്ത് ആരംഭിച്ച് നേർച്ചപ്പാറയിലെത്തുന്ന റോഡാണ് ഹൗസിംഗ് ബോർഡ് അധികൃതർ ഗേറ്റ് നിർമിച്ച് അടച്ചു പൂട്ടാൻ ഒരുങ്ങുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
വർഷങ്ങൾക്കു മുമ്പ് സ്വകാര്യ വ്യക്തികൾ തങ്ങളുടെ സ്ഥലം വിട്ടുനൽകിയത് മൂലമാണ് നേർച്ചപ്പാറ വരെ റോഡ് നിർമിക്കാൻ കഴിഞ്ഞത്. ഹൗസിംഗ് ബോർഡ് വക സ്ഥലത്തു കൂടിയാണ് റോഡ് കടന്നുപോകുന്നത്. ഹൗസിംഗ് ബോർഡിന്റെ സ്ഥലത്ത് അനധികൃത പ്രവേശനം തടയാൻ വേണ്ടിയാണ് സ്ഥലത്ത് റോഡിന്റെ പ്രവേശന ഭാഗങ്ങൾ അടച്ച് ഗേറ്റ് സ്ഥാപിക്കാൻ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്.