വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം ഫെബ്രുവരിയിൽ തുടങ്ങും
1509626
Thursday, January 30, 2025 7:08 AM IST
വൈക്കം: വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി ജീർണിച്ച് തകർച്ച ഭീഷണിയിലായിരുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കി. കേന്ദ്ര- സംസ്ഥാന ഫണ്ടായി ലഭിച്ച ഒരുകോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
കായലോര പ്രദേശമായതിനാൽ പുതിയ കെട്ടിടത്തിനായി ഏറെബലപ്പെടുത്തിയ അടിത്തറ നിർമിക്കേണ്ടതുണ്ടെന്ന് അധികൃതർ പറയുന്നു. മൂന്നുനില കെട്ടിടം തീർക്കേണ്ട വിധത്തിലുള്ള അടിത്തറയാണ് നിർമിക്കുന്നത്. ഫെബ്രുവരി ആദ്യം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
പുതിയതായി നിർമിക്കുന്ന 2000ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ്,ഡോക്ടറുടെ കൺസൾട്ടേഷൻ റൂം, ബാത്ത്റൂമടക്കമുള്ള സൗകര്യമാണ് ഒരുക്കുന്നത്.
സമീപ ജില്ലകളിൽ നിന്നുവരെ രോഗികളെത്തി ചികിൽസ തേടുന്ന താലൂക്ക് ആയുർവേദ ആശുപത്രിയിൽ30 രോഗികളെ കിടത്തി ചികിൽസിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്.