പക്ഷിപ്പനി നഷ്ടപരിഹാരം : കേന്ദ്രം കനിഞ്ഞു; സംസ്ഥാനം തിരിഞ്ഞു
1509355
Wednesday, January 29, 2025 11:36 PM IST
കോട്ടയം: പക്ഷിപ്പനി പടരുമ്പോള്‍ കോഴി, താറാവ്, കാട എന്നിവയെ കൂട്ടത്തോടെ കൊന്നു കത്തിക്കാനുള്ള ആവേശം നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാരിനില്ല. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മൂവായിരം കര്‍ഷകരാണ് ഒന്‍പതു മാസമായി നഷ്ടപരിഹാരം കാത്തുകഴിയുന്നത്. വളര്‍ത്തുപക്ഷികളെ കൊന്നതിനും ചത്തതിനുമുള്ള നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രവിഹിതമായ മൂന്നു കോടി രൂപ (60 ശതമാനം) മൂന്നര മാസം മുന്‍പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നു. ശേഷിക്കുന്ന 40 ശതമാനം (2.64 കോടി രൂപ)യാണ് സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കേണ്ടത്.
മൃഗസംരക്ഷണ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ധനകാര്യ വകുപ്പ് പണം അനുവദിക്കാത്തതാണ് പ്രശ്നമെന്ന് കര്‍ഷകര്‍ പറയുന്നു. പക്ഷിപ്പനിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 31 വരെ താറാവുകളെ വളര്‍ത്താനോ വിരിയിക്കാനോ മുട്ടവില്ക്കാനോ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ഈസ്റ്റര്‍, ക്രിസ്മസ്, പുതുവര്‍ഷ വേളകളില്‍ പക്ഷി ഇറച്ചി വില്പനയെും ഇത് സാരമായി ബാധിച്ചു.
നിലവിലെ സാഹചര്യത്തില്‍ അടുത്ത ഈസ്റ്റര്‍ വരെ താറാവ്, കോഴി വളര്‍ത്തലില്‍നിന്ന് ആദായം ലഭിക്കില്ല. നിരോധനം നീക്കിയെങ്കിലും സര്‍ക്കാര്‍ ഫാമുകളിലും കുഞ്ഞുങ്ങളെ വിരിയിച്ചു തുടങ്ങിയിട്ടില്ല. കടം വാങ്ങി ഈ കൃഷികൊണ്ട് ഉപജീവനം കഴിച്ചിരുന്ന ഒട്ടേറെ ചെറുകിട കര്‍ഷകരാണ് നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്.
ഒരു കിലോമുതല്‍ ഒന്നര കിലോവരെ തൂക്കമുള്ള താറാവിന്റെ ഇറച്ചി വിറ്റാല്‍ 500-700 രൂപവരെ ലഭിക്കുമെന്നിരിക്കെ 60 ദിവസത്തില്‍ താഴെ പ്രായമുള്ള താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കാടയൊന്നിന് പ്രായം അനുസരിച്ച് 20-30 രൂപ വീതവും.
കഴിഞ്ഞ ഒന്‍പതു മാസമായി മുട്ടവില്പ്പനയിലുണ്ടായ നഷ്ടം അതിലും ഭീമമാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ നിരോധനത്തെത്തുടര്‍ന്ന് ഒട്ടേറെ കര്‍ഷകര്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലേക്ക് താറാവു വളര്‍ത്തലിനായി നാടുവിടുകയും ചെയ്തു.
ഐക്യ താറാവു കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഓഫീസുകള്‍ക്ക് മുന്പില് വരുംദിവസങ്ങളില്‍ ധര്‍ണയും പ്രതിഷേധവും നടത്തും.