കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
1509620
Thursday, January 30, 2025 6:58 AM IST
കോട്ടയം: കുപ്രസിദ്ധ മോഷ്ടാവിനെ ആര്‍പിഎഫ് തിരുവനന്തപുരം ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും കോട്ടയം റെയില്‍വേ പോലീസും ചേര്‍ന്നു പിടികൂടി. അസം സ്വദേശി ദില്ദാര് ഹുസൈൻ (28)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തിനും കൊല്ലം റെയില്‍വേ സ്റ്റേഷനും ഇടയില്‍ ട്രെയിനില്‍ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ലാപ്ടോപ്പും മൊബൈലുകള്ളും മറ്റ് വില കൂടിയ സാധനങ്ങളും മോഷ്ടിച്ച് ട്രെയിനില്‍നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ടത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
യാത്രക്കാരില്‍നിന്ന് മോഷ്ടിച്ച് സാധനങ്ങളടങ്ങിയ ബാഗുമായി കോട്ടയം റെയില്‍വേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് സാഹസികമായി പിടികൂടി. ബാഗില്‍നിന്ന് ഏകദേശം 3.5 ലക്ഷത്തില്‍പരം രൂപ വിലയുള്ള 13 മൊബൈല്‍ ഫോണുകള്‍, ഐപാഡുകള്‍, ലാപ്ടോപ് മുതലായ മോഷണമുതലുകള്‍ പിടിച്ചെടുത്തു.
കൂടാതെ ചെറിയ കച്ചവടക്കാര്‍ക്ക് മറിച്ചുവില്‍ക്കാനായി ഇയാള്‍ ബാഗില്‍ കരുതിയിരുന്ന 654 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മോഷണമുതലുകള്‍ ആസാമിലേക്ക് കൊണ്ടുപോയി അവിടെ മറിച്ച് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. ട്രെയിനില്‍ നടക്കുന്ന മോഷണങ്ങള്‍ തടയുന്നതിനായി ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും റെയില്‍വേ പോലീസും പരിശോധനകള്‍ ആരംഭിച്ചിരുന്നു.
ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എ.ജെ. ജിപിന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ റെജി പി. ജോസഫ്, പ്രൈസ് മാത്യു, എഎസ്ഐ ഫിലിപ്സ് ജോണ്‍, സന്തോഷ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ജോസ്, വിപിന്‍ അരുണ്‍ ബാബു, ശരത്ത് ശേഖര്‍, സനു സോമന്, വിജേഷ്, അനൂപ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.