ക്രിസ്ത്യാനിയുടെ ജീവിതം മുന്നോട്ടു നയിക്കേണ്ടത് ധാർമികത: മാര്‍ മുരിക്കന്‍
1509303
Wednesday, January 29, 2025 7:19 AM IST
കടുത്തുരുത്തി: ക്രൈസ്തവ ധാര്‍മികതയാണ് ക്രിസ്ത്യാനിയുടെ ജീവിതത്തെ മുന്നോട്ട് നയിക്കേണ്ടതെന്നു ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍. മുട്ടുചിറ അല്‍ഫോന്‍സാ സ്നേഹതീരം ട്രസ്റ്റിന്റെയും സെന്റ് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ അല്‍ഫോന്‍സാ സ്നേഹതീരത്തിന്റെ 19-ാമത് വാര്‍ഷികവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കൃതജ്ഞതാബലിക്ക് ഫാ. വര്‍ഗീസ് നടയ്ക്കല്‍ എംഎസ്ടി കാര്‍മികത്വം വഹിച്ചു.
മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോ. തരുണ്‍ ലോറന്‍സ് കിഡ്നി രോഗ പ്രതിരോധവും ആരോഗ്യ പരിപാലനവും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ട്രസ്റ്റ് രക്ഷാധികാരി ഫാ. വര്‍ഗീസ് നടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. നവതി ആഘോഷിക്കുന്ന കവി പ്രഫ. ജോര്‍ജ് തോമസ് പള്ളിവാതുക്കലിനെ മാര്‍. ജേക്കബ് മുരിക്കന്‍ സമ്മേളനത്തില്‍ ആദരിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്ശത്താല് പുണ്യഭൂമിയായി മാറിയ മുട്ടുചിറ മുരിക്കന്‍ ഭവനത്തിന് സമീപം രണ്ട് പതിറ്റാണ്ടോളമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് അല്‍ഫോന്‍സാ സ്നേഹതീരം ട്രസ്റ്റ്.
നൂറുകണക്കിന് കിഡ്നി രോഗികള്‍ക്ക് ആശ്വാസമേകുവാന്‍ ഇക്കാലത്തിനിടെയില്‍ അൽഫോന്‍സാ സ്നേഹതീരത്തിന് കഴിഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ, പ്രഫ ജോര്‍ജ് തോമസ് പള്ളിവാതുക്കല്‍, വിന്‍സെന്റ് ഡിപോള്‍ പാലാ ഡിസി പ്രസിഡന്റ് ബേബി ജോസഫ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, പി.വി. സുനില്‍, ഷീജ സജി, ട്രസ്റ്റ് പ്രസിഡന്റ് പി.ജെ. ജോസഫ് പണ്ടാരകാപ്പില്‍, അഡ്വ ജോസ് ജോസഫ് കുഴിവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.