അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു
1509360
Wednesday, January 29, 2025 11:36 PM IST
ഗാന്ധിനഗർ: സ്വകാര്യ ബസിന്റെ ചക്രം കാലിൽ കയറി ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ഇടുക്കി രാജകുമാരി പേഴുംകാട്ടിൽ വർക്കി തൊമ്മൻ (80) ആണ് മരിച്ചത്.
കഴിഞ്ഞ 15ന് പാലായിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. സഹോദരിയുടെ മകളെ കാണുന്നതിന് പാലായിൽ എത്തിയ വർക്കി യാത്ര ചെയ്തിരുന്ന ബസിൽനിന്ന് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
ബസിൽനിന്ന് ഇറങ്ങിയ വൃദ്ധനെ ഇതേ ബസ് തന്നെ തട്ടിവീഴ്ത്തി കാലിലൂടെ ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാത്രിയിൽ മരണപ്പെടുകയായിരുന്നു. പാലാ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് രാവിലെ 11ന് രാജകുമാരി ദൈവമാതാ പള്ളി യിൽ.