"മനസോടിത്തിരി മണ്ണ്' കാമ്പയിൻ: വെളിയന്നൂരില്‍ പത്തു പേര്‍ക്കുകൂടി വീടാകും
1509078
Tuesday, January 28, 2025 11:47 PM IST
വെളിയന്നൂര്‍: ഭവനരഹിതരായ കുടുംബങ്ങള്‍ക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സര്‍ക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’ കാമ്പയിന്റെ ഭാഗമായി വെളിയന്നൂര്‍ പഞ്ചായത്തിലെ നിരാലംബരായ സമൂഹത്തിന് വീട് നിര്‍മാണത്തിന് 78 സെന്റ് ഭൂമി സംഭാവന നല്കി ഉഴവൂര്‍ കിഴക്കേക്കുറ്റ് ചാക്കോച്ചന് മാതൃകയായി.
ലൈഫ് പദ്ധതി പ്രകാരം പത്തു വീടുകളാണ് ഈ സ്ഥലത്ത് നിര്‍മിക്കുന്നത്. ലൈഫ് മിഷന് പദ്ധതി രണ്ടാം ഘട്ടത്തിലുള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നിര്‍മാണം വെളിയന്നൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ ഭൂമിയോ പാര്‍പ്പിടമോ ഇല്ലാത്ത വിഭാഗത്തിന് ലക്ഷ്യമിട്ടപ്പോഴാണ് ഭൂമി വാങ്ങി നല്‍കുന്നതിനുള്ള സാമ്പത്തികം തടസമായത്. ഈ ഘട്ടത്തിലാണ് പ്രവാസിയായ കിഴക്കേക്കുറ്റ് ചാക്കോച്ചന് സഹായമനസുമായി പഞ്ചായത്തിനെ സമീപിച്ചത്. പത്തു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്കിയ പഞ്ചായത്തായി വെളിയന്നൂര്‍ മാറും.
ചാക്കോച്ചന്, ഭാര്യ ഷിജി, മക്കളായ ആര്യ, ആരതി, അമല്‍ എന്നിവരില്‍നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഭൂമി നല്‍കുന്നതിനുള്ള സമ്മതപത്രം ഏറ്റുവാങ്ങി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, വെളിയന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, പഞ്ചായത്തംഗങ്ങളായ സണ്ണി പുതിയിടം, ജോമോന് ജോണി, അര്‍ച്ചന രതീഷ്, തങ്കമണി ശശി, ജിമ്മി ജയിംസ്, ബിന്ദു ഷിജൂ, ഉഷ സന്തോഷ്, സെക്രട്ടറി ടി. ജിജി എന്നിവര്‍ പങ്കെടുത്തു.