കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന യജ്ഞം ; അശ്വമേധം നാളെമുതല്‍
1509075
Tuesday, January 28, 2025 11:47 PM IST
കോട്ടയം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന യജ്ഞം അശ്വമേധം ആറാം ഘട്ടം നാളെമുതല്‍ ഫെബ്രുവരി 12 വരെ നടത്തും. കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതുമൂലം ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. പാടുകള്‍ നോക്കാം, ആരോഗ്യം കാക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ആശാപ്രവര്‍ത്തകര്‍, പരിശീലനം ലഭിച്ച വോളണ്ടിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചരലക്ഷത്തിലധികം വരുന്ന വീടുകള്‍ സന്ദര്‍ശിച്ചു പരിശോധന നടത്തും. രണ്ടുപേരടങ്ങുന്ന സംഘം 14 ദിവസത്തില്‍ 400 വീട് സന്ദര്‍ശിക്കും. മൂവായിരം വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും പരിപാടി നടപ്പിലാക്കുക. സാമൂഹിക ആരോഗ്യകേന്ദ്രം ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിദഗ്ധചികിത്സ ലഭ്യമാക്കും.
കുഷ്ഠരോഗത്തിന് എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പൂര്‍ണമായും സൗജന്യ ചികിത്സ ലഭ്യമാണെന്നു ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. പി. എന്‍. വിദ്യാധരന് അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം 14 പേരില്‍ കുഷ്ഠരോഗം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അടുത്തുനിന്ന് ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. തൊലിപ്പുറത്ത് കാണുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടികൂടിയതും തിളക്കമുള്ളതുമായ ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളില്‍ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവ കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആയേക്കാം.
തുടക്കത്തില്‍ത്തന്നെ ചികിത്സ ആരംഭിച്ചാല്‍ വൈകല്യങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിയും. ചികിത്സ ആരംഭിക്കുന്നതോടെതന്നെ രോഗിയുടെ ശരീരത്തിലെ 90 ശതമാനം ബാക്ടീരിയകളും നശിക്കുമെന്നതിനാല്‍ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുമാകും. ആറു മാസം മുതല്‍ 12 മാസം വരെയുള്ള ചികിത്സയിലൂടെ രോഗി പൂര്‍ണമായും സുഖം പ്രാപിക്കും.
ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, വനിതാ ശിശു വികസന വകുപ്പ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.