കേന്ദ്ര, സംസ്ഥാന ബജറ്റിൽ പ്രതീക്ഷ
1509073
Tuesday, January 28, 2025 11:47 PM IST
കോട്ടയം: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലും ഏഴിനുള്ള സംസ്ഥാന ബജറ്റിലും പ്രതീക്ഷയർപ്പിച്ച് ജനം. കര്‍ഷകരെ കൈയൊഴിഞ്ഞാല്‍ തിരിച്ചടി തദ്ദേശതെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്നിരിക്കെ സംസ്ഥാന ബജറ്റ് സര്‍ക്കാരിന് നിര്‍ണായകമാണ്. കാര്‍ഷിക പാക്കേജിലാണ് കര്‍ഷകരുടെ പ്രതീക്ഷ.
- തെരഞ്ഞെടുപ്പ് പത്രികയിലെ ഉറപ്പ് പാലിച്ച് റബര്‍ താങ്ങുവില 250 രൂപയായി പ്രഖ്യാപിക്കുക. മുന്‍ ബജറ്റുകളില്‍ ബാക്കിവന്ന തുക പൂര്‍ണമായി വിനിയോഗിക്കുക. ലാറ്റക്സിനും വിലസ്ഥിരത ഉറപ്പാക്കുക. വിതരണം ചെയ്യാനുള്ള 60 കോടി റബര്‍ കുടിശിക ഉടന്‍ നല്‍കുക.
- റബര്‍ സംഭരണത്തിന് സഹകരണസ്ഥാപനങ്ങളെയും ഏജന്‍സികളെയും ചുമതലപ്പെടുത്തുക.
- നെല്ല് സംഭരണവില ഉയര്‍ത്തുക. കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചിരിക്കെ വില 31 രൂപയാക്കുക. കൈകാര്യച്ചെലവ് കാലോചിതമായി ഉയര്‍ത്തുക. കഴിഞ്ഞ സംഭരണ കുടിശിക ജില്ലയില്‍ 60 കോടി ബാക്കിയുണ്ട്. സംഭരണത്തിനു തുക വകയിരുത്തി ബാങ്കുകളെ മുന്‍കൂര്‍ ഏല്‍പ്പിക്കുക. നെല്ല് വിറ്റാലുടന്‍ അക്കൗണ്ടില്‍ പണം നല്‍കുക.
- നെല്ല് സംഭരണം സമയബന്ധിതമാക്കുക. വെച്ചൂര്‍ മോഡേണ്‍ മില്ലില്‍ കൂടുതല്‍ നെല്ല് സംഭരിക്കുക. നിര്‍ദിഷ്ട കിടങ്ങൂര്‍ മില്ല് നിര്‍മാണം വേഗത്തിലാക്കുക.
- വിള ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക. ഓരോ വിളവിനും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക.
- വന്യമൃഗഭീഷണിക്ക് പരിഹാരം കണ്ടെത്തുക. വനാതിര്‍ത്തിയുള്ള 16 പഞ്ചായത്തുകളുടെയും അതിര്‍ത്തി സുരക്ഷിതമാക്കുക. സൗരവേലി, കിടങ്ങുനിര്‍മാണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുക.
- ശബരി വിമാനത്താവളം സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാരവും വേഗത്തിലാക്കുക.
- നിര്‍മാണത്തിലുള്ള പാലങ്ങളും റോഡുകളും കാലവര്‍ഷത്തിനു മുന്‍പ് പൂര്‍ത്തിയാക്കുക.
- മലയോരകുടിവെള്ള പദ്ധതികള്‍ നടപ്പാക്കുക.
കേന്ദ്രബജറ്റ് പ്രതീക്ഷ
- റബര്‍ ബോര്‍ഡ് വിഹിതം വര്‍ധിപ്പിക്കുക. 300 കോടി രൂപ വിഹിതം ലഭിച്ചാലേ കൃഷി സബ്സിഡിയും ആര്‍പിഎസ് ശക്തീകരണവും നടപ്പാകൂ. ആവര്‍ത്തന കൃഷി സബ്സിഡി ഹെക്ടറിന് അര ലക്ഷമായി വര്‍ധിപ്പിക്കുക. റബര്‍തൈ, വളം എന്നിവയ്ക്ക് സഹായം നല്‍കുക. മഴമറ, സ്പ്രെയിംഗ് ചെലവ് സബ്സിഡി വര്‍ധിപ്പിക്കുക. വിതരണതാമസം ഒഴിവാക്കുക.
- റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുക, കോമ്പൗണ്ട് റബര്‍ ഇറക്കുമതി തിരുവ അഞ്ചു ശതമാനത്തില്‍നിന്ന് 20 ശതമാനമാക്കുക. കോമ്പൗണ്ട് ഇറക്കുമതിക്ക് പരിധി വയ്ക്കുക. ആസിയാന്‍ കരാറില്‍ കാലോചിത പരിഷ്കാരം വരുത്തുക.
- പഴം, പച്ചക്കറി ന്യായവില സംഭരണത്തിന് സംവിധാനം. കര്‍ഷക കൂട്ടായ്മകളുടെ ഗ്രാമചന്തകള്ക്ക് സഹായം.
- റബര്‍ ഗവേഷണം ഊര്‍ജിതമാക്കുക. ആര്‍ആര്‍ഐഐ 400 സീരീസ് ക്ലോണുകള്‍ വലിയ നേട്ടമാകാത്തതിനാല് മെച്ചപ്പെട്ട പുതിയ ക്ലോണ്‍ വികസിപ്പിക്കണം.
- അങ്കമാലി-എരുമേലി ശബരി റെയില്‍വേ നിര്‍മാണം വേഗത്തിലാക്കുക. ശബരി എയര്‍പോര്‍ട്ടിനു സാങ്കേതിക അനുമതി നല്‍കുക.
റെയില്‍വേ വികസനം
യാത്രാത്തിരക്ക് ഓരോ വര്‍ഷവും കൂടുന്നു. റിസര്‍വേഷന്‍ കിട്ടാനില്ല. വിശേഷവേളകളില്‍ ദുരിതം ഇരട്ടിയാകും. അതിഥി തൊഴിലാളികളുടെ വരവിലും വര്‍ധന. കോട്ടയത്തിനു പുറമെ ഇടുക്കി ജില്ലക്കാര്‍ക്കും കോട്ടയമാണ് സ്റ്റേഷന്.
- കോട്ടയത്തെ ടെര്‍മിനല്‍ സ്റ്റേഷനായി ഉയര്‍ത്തുക.
- അഞ്ച് പ്ലാറ്റ്ഫോമുകളുണ്ടെങ്കിലും കൂടുതല്‍ ട്രെയിനുകളില്ല. എറണാകുളത്ത് എത്തുന്ന ദീര്ഘദൂരവണ്ടികള് കോട്ടയത്തേക്കു നീട്ടുക. അറ്റകുറ്റപ്പണികള്‍ക്ക് കോട്ടയത്ത് പിറ്റ്ലൈന് സ്ഥാപിക്കുക.
- തിരുവനന്തപുരം-കാസര്‍ഗോഡ്, തിരുവനന്തപുരം-കോയമ്പത്തൂര്‍ റൂട്ടില്‍ ഓരോ വണ്ടികൂടി അനുവദി്കുക.
- അതിഥി തൊഴിലാളി തിരക്ക് പരിഗണിച്ച് തിരുവനന്തപുരം-ഗോഹട്ടി റൂട്ടിലോ ഹൗറവരെയോ ഒരു വണ്ടികൂടി അനുവദിക്കുക.
- രണ്ടാം കവാടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
ഫ്രാന്‍സിസ് ജോര്‍ജ് എംപി
ഉന്നയിക്കുന്നത്
- മുംബൈ മുതല്‍ കന്യാകുമാരി വരെ ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി നടപ്പാക്കണം. ഇതിനായി പുതിയ ബ്രോഡ്ഗേജ് പാത വേണ്ടിവരും.
- ശബരി പാത യാഥാര്‍ഥ്യമാക്കണം. കൂടുതല്‍ തുക വകയിരുത്തുക.
- റബര്‍, നെല്ല്, പഴം, പച്ചക്കറി പാക്കേജ് വേണം.
- കൊച്ചി മെട്രോ വൈക്കത്തേക്ക് നീട്ടണം.
- ബംഗളൂരു-എറണാകുളം, പാലക്കാട്-എറണാകുളം മെമു, ആഴ്ചയിലൊരിക്കലുള്ള മഡ്ഗാവ്-എറണാകുളം, പൂനെ-എറണാകുളം, നിസാമുദീന്‍-എറണാകുളം വണ്ടികള്‍ കോട്ടയത്തേക്ക് ദീര്‍ഘിപ്പിക്കണം.
- മലബാര്‍, വഞ്ചിനാട് വണ്ടികള്‍ക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് വേണം.