വരുന്നത് കടുത്ത വേനൽ; വന്യമൃഗശല്യം കൂടും
1509072
Tuesday, January 28, 2025 11:47 PM IST
കോട്ടയം: ആസന്നമായ കടുത്ത വേനലില്‍ വന്യമൃഗങ്ങളുടെ നാടിറക്കം തടയാന്‍ നടപടികളായില്ല. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വനത്തിലെ പച്ചത്തീറ്റ ഉണങ്ങും. ഇതേസമയം നാട്ടില്‍ ചക്കയുടെ സീസണ് എത്തുമ്പോഴാണ് കാട്ടാന കൂട്ടത്തോടെ നാട്ടിലേക്ക് വന്ന് ഭീഷണിയാകുന്നത്. വനത്തിലെ ജലസ്രോതസുകള്‍ വറ്റുമ്പോള്‍ അഴുത, പെരുവന്താനം വനമേഖലയില്‍ വെള്ളത്തിനും തീറ്റയ്ക്കും ആനകളിറങ്ങും.
പമ്പയില്‍ വെള്ളം കുടിച്ചശേഷം ആനകള്‍ തുലാപ്പള്ളി, കണമല, ഏഞ്ചല്‍വാലി പ്രദേശങ്ങളില്‍ കൃഷി നശിപ്പിക്കുക പതിവാണ്. പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്തതും ചൂട് വര്‍ധിപ്പിക്കുന്നതും വെള്ളം വലിച്ചെടുക്കുന്നതുമായ മരങ്ങള്‍ വനംവകുപ്പ് വച്ചുപിടിപ്പിച്ചതും വനത്തിന്റെ ഘടനയില്‍ മാറ്റംവരുത്തി. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കണയങ്കവയല്‍, മതമ്പ എന്നിവിടങ്ങളില്‍ കടുവ സാന്നിധ്യമുണ്ട്. പീരുമേട് പരുന്തുംപാറയില്‍ അടുത്തയിടെ രാത്രി യാത്രക്കാര്‍ കടുവയെ നേരില്‍ കണ്ടു.
കരടി, കാട്ടുപോത്ത് എന്നിവയും ഭീഷണിയാണ്. ചൂട് വര്‍ധിച്ചതോടെ മലയോരമേഖലയില്‍ വിഷപ്പാമ്പുകളുടെ ശല്യം കൂടിയിട്ടുണ്ട്. രാജവെമ്പാല, മൂര്‍ഖന്‍, വെള്ളിക്കെട്ടന്, അണലി പാമ്പുകളാണ് ഭീതി ഉയര്‍ത്തുന്നത്. വനംവകുപ്പിന്റെ പാമ്പുപിടിത്ത വിഭാഗം ഈ മാസം നൂറിലേറെ ഇടങ്ങളില്‍നിന്ന് പാമ്പുകളെ പിടികൂടി വനത്തില്‍ തുറന്നുവിട്ടു.