കാട്ടാനയുടെ നാടിറക്കം തടയാന്‍ സൗരവേലിയും കിടങ്ങും
1509070
Tuesday, January 28, 2025 11:47 PM IST
കോട്ടയം: മലയോരമേഖലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം നേരിടാന്‍ നബാര്‍ഡിന്റെയും രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍കെവിവൈ)യുടെയും സാമ്പത്തിക സഹായത്തോടെയുള്ള സൗരോര്‍ജ വേലി, കിടങ്ങ് നിര്‍മാണം വൈകാതെ തുടങ്ങും. കരാറുകാരില്‍ നിന്ന് ഉപകരാറുകാര്‍ ജോലി ഏറ്റെടുത്തുകഴിഞ്ഞു.
ആര്‍കെവിവൈ സ്കീമില്‍ മഞ്ഞളരുവി-പാക്കാനം കോളനി ( 3.7 കി.മീ) കോയിക്കക്കാവ്-പയസപ്പടി ( 9.5 കി.മീ) എന്നിവിടങ്ങളില്‍ സൗരോര്‍ജ വേലി നിര്‍മിക്കും. ഇതിനൊപ്പം എരുമേലി, മുണ്ടക്കയം വനാതിര്‍ത്തിയില്‍ 3.3 കിലോമീറ്ററില്‍ കാട്ടാന കയറാത്തവിധം കിടങ്ങ് നിര്‍മിക്കാനും നടപടികള്‍ പൂര്‍ത്തിയായി.
മഞ്ഞളരുവി-മാമ്പടി (ആറു കി.മീ), കോയിക്കക്കാവ്-പയസപ്പടി ( (9.5 കി.മീ) എന്നിവിടങ്ങളില്‍ തൂണുകള്‍ സ്ഥാപിച്ച് കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന സൗരവേലി തയാറാക്കും. ഒന്നര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മാമ്പടി മുതല്‍ പാക്കാനം വരെ 37.5 ലക്ഷം രൂപ ചെലവില്‍ കിടങ്ങ് നിര്‍മിക്കും. നിലവില്‍ കേടുപാട് സംഭവിച്ച ആനവേലിയുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കും.
കൂടാതെ നബാര്‍ഡ് സാമ്പത്തിക സഹായത്തില്‍ വിവിധയിടങ്ങളില്‍ 3.50 കോടി രൂപ ചെലവില്‍ 31 കി.മീ ദൂരത്തില്‍ സൗരവേലി നിര്‍മിക്കാനും നടപടികളായി. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ ചുമതലയിലായിരിക്കും നിര്‍മാണം.
അഴുതക്കടവ്-കാളകെട്ടി (അഞ്ച് കി.മീ), കണ്ടങ്കയം-മതമ്പ (16 കി.മീ) മുറിഞ്ഞപുഴ പ്ലാക്കത്തടം (10 കി.മീ) എന്നിവിടങ്ങളില്‍ അവശ്യഭാഗങ്ങളില്‍ സൗരോര്‍ജവേലി സ്ഥാപിക്കും. കണ്ണാട്ടുകവല-പന്നിവെട്ടുംപാറ (500 മീ.), കൊമ്പുകുത്തി (ഒരു കി.മീ), മഞ്ഞളരുവി-കുളമാക്കല്‍ (300 മീ) എന്നിവിടങ്ങളില്‍ 51.7 ലക്ഷം രൂപ ചെലവില്‍ കിടങ്ങുകള്‍ പണിയാനും നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.