സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാഞ്ഞൂരും കോതനല്ലൂരും
1509018
Tuesday, January 28, 2025 8:07 AM IST
മാഞ്ഞൂര്‍: കോതനല്ലൂര്‍, മാഞ്ഞൂര്‍ ഗ്രാമങ്ങളെ വിറപ്പിച്ചു സാമൂഹ്യവിരുദ്ധരും മോഷണസംഘങ്ങളും വിലസുന്നു. ഇന്നലെ രാവിലെ ചാമക്കാല പള്ളിയിലേക്ക് പോവുകയായിരുന്ന എടാട്ട് ജോയിയുടെ ഭാര്യ മോളിയുടെ മാല പൊട്ടിക്കാന്‍ സ്കൂട്ടറിലെത്തിയ സംഘം ശ്രമിച്ചു.
മോളി റോഡരികിലേക്ക് പെട്ടെന്ന് മാറിയതിനാല്‍ മാല കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം വിഫലമാവുകയായിരുന്നു. മാഞ്ഞൂര്‍ ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന് സമീപമുള്ള പാടകശ്ശേരീല് രാജുവിന്റെ കടയില്‍നിന്ന് മോഷ്ടാക്കള്‍ ഒരു പായ്ക്കറ്റ് മിഠായിയെടുത്ത് പണം നല്‍കാതെ കടന്നുകളഞ്ഞു. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ മാഞ്ഞൂര്‍ സൗപര്‍ണികയില്‍ എ.എന്‍. പീതാംബരന് (71) നെ സ്കൂട്ടറിലെത്തിയ സാമൂഹ്യവിരുദ്ധര്‍ തലയ്ക്കടിച്ചു ആക്രമിച്ചിരുന്നു.
പാടശേഖരത്തിനോട് ചേര്‍ന്നുള്ള പുരയിടങ്ങളിലെ തെങ്ങുകളില്‍നിന്ന് കരിക്കും തേങ്ങയും മോഷ്ടിക്കുന്ന സംഘം വാഴക്കുലകളും വെട്ടി കടത്തുകയാണ്. ഇതിനെ ചോദ്യം ചെയ്യുന്നവരെ സംഘം പിന്നീട് കായികമായി ആക്രമിക്കുന്ന സംഭവവും പ്രദേശത്ത് പതിവാകുകയാണ്. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.