മുട്ടുചിറ-വാലാച്ചിറ റോഡില്‍ കെഎസ്ടിപി നിര്‍മാണജോലികള്‍ നാളെ തുടങ്ങും
1509013
Tuesday, January 28, 2025 8:07 AM IST
കടുത്തുരുത്തി: മുട്ടുചിറ-കല്ലറ റോഡിന്റെ തുടക്ക ഭാഗത്ത് മുട്ടുചിറ പെട്രോള്‍ പമ്പ് മുതല്‍ കടുത്തുരുത്തി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള വാലാച്ചിറ ഗേറ്റ് വരെ തകര്‍ന്നുകിടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ മെയിന്‍ റോഡ് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മാണ ജോലികള്‍ക്ക് നാളെ (ബുധന്‍) രാവിലെ ഒമ്പതിന് മുട്ടുചിറയില്‍ തുടക്കം കുറിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
മുട്ടുചിറ-ആയാംകുടി-എഴുമാന്തുരുത്ത്-വടയാര്‍-തലയോലപ്പറമ്പ്-വെട്ടിക്കാട്ടുമുക്ക്-വെള്ളൂര്‍-മുളക്കുളം അമ്പലപ്പടി റോഡ് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്ന പദ്ധതിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചെങ്കിലും പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരുടെ കമ്പനിയും സര്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കവും സാമ്പത്തിക പ്രതിസന്ധിയും മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കേണ്ടിവന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരം നിലവിലുള്ള പ്രധാന വര്‍ക്ക് വീണ്ടും നടപ്പാക്കണമെങ്കില്‍ നിര്‍ദിഷ്ട കണ്‍സള്‍ട്ടന്റ് തയാറാക്കുന്ന പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാര്‍ അംഗീകരിച്ച് റീ ടെന്‍ഡര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി ഏതാണ്ട് ഒരു വര്‍ഷമെങ്കിലും ഇനിയും കാലതാമസം ഉണ്ടാകുമെന്ന് ഉറപ്പായപ്പോഴാണ് ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി നിലവിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവര്‍ത്തിക്ക് സര്‍ക്കാര്‍ അനുമതി നല്കണമെന്നുള്ള ബദല്‍ നിര്‍ദേശം സര്‍ക്കാരിലേക്ക് സമര്‍പിച്ചതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
ധനകാര്യ-പൊതുമരാമത്ത് വകുപ്പുകള്‍ ഇക്കാര്യം അംഗീകരിച്ചുകൊണ്ട് അടിയന്തരമായി അനുവദിച്ച 134 ലക്ഷം രൂപ പ്രയോജനപ്പെടുത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു തുടക്കം കുറിക്കുന്നത്.