പ്രഭാതസവാരിക്കിറങ്ങിയ വയോധികനെ സ്കൂട്ടറിലെത്തിയ സംഘം ആക്രമിച്ചു
1509010
Tuesday, January 28, 2025 8:07 AM IST
കുറുപ്പന്തറ: സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘത്തിലെ യുവാവ് തലയ്ക്കടിച്ചു വീഴ്ത്തി. റിട്ട സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ മാഞ്ഞൂര്‍ സൗപര്‍ണികയില്‍ എ.എന്‍. പീതാംബരന് (71) ആണ് സാമൂഹ്യവിരുദ്ധസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ കുറുപ്പന്തറ-മാഞ്ഞൂര്‍ സൗത്ത് റോഡില്‍ ഉള്ളാട്ടിപടി ജംഗ്ഷന് സമീപമാണ് സംഭവം. 4.50ന് വീട്ടില്‍നിന്നിറങ്ങി സുഹൃത്തുക്കളുമായി റോഡിലൂടെ മാഞ്ഞൂര്‍ സൗത്തിലെ അയ്യന്‍കോവില്‍ ക്ഷേത്രത്തിനു സമീപം വരെ പോയിട്ടു തിരികെ വീട്ടിലേക്ക് വരികയായിരുന്ന പീതാംബരന്. പിന്നാലെ വന്ന മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലുണ്ടായിരുന്നവരില്‍ ഒരു യുവാവാണ് പീതാംബരനെ കൈകൊണ്ട് തലയ്ക്കടിച്ചത്.
അപ്രതീക്ഷിതമായുണ്ടായ അടിയുടെ ആഘാതത്തില്‍ മുന്നോട്ടാഞ്ഞുവീണ ഇദ്ദേഹത്തിന്റെ നിലവിളികേട്ട് മുന്നിലും പിന്നിലുമായി പോവുകയായിരുന്ന സുഹൃത്തുക്കള്‍ ഓടിയെത്തിയാണ് രക്ഷിച്ചത്. ഇദ്ദേഹത്തിന്റെ കണ്ണട വീഴ്ചയില്‍ തെറിച്ചുപോയി. ഇതിനിടെ അക്രമിസംഘം ഇവിടെനിന്നും സ്കൂട്ടറില്‍ കുറുപ്പന്തറ ഭാഗത്തേക്ക് കടന്നുകളഞ്ഞു. വലതുവശം ചേര്‍ന്ന് നടന്നുപോകുകയായിരുന്ന തന്നെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുവശത്തുകൂടെ പോയിരുന്ന സ്കൂട്ടര്‍ യാത്രികര്‍ പെട്ടെന്ന് വാഹനം വെട്ടിച്ചു തന്റെ അടുത്തേക്ക് എത്തിയതെന്നാണ് പീതാംബരന് പറയുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി പുലര്‍ച്ചെ അയല്‍വാസികളും സുഹൃത്തുക്കളുമായ രാജഗോപാലന്‍ നായര്‍, സുരേഷ്കുമാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രഭാതസവാരി നടത്തുന്നയാളാണ് പീതാംബരന്. സംഭവം സംബന്ധിച്ച് പീതാംബരന് കടുത്തുരുത്തി പോലീസില്‍ പരാതി നല്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി മാഞ്ഞൂര്‍, കുറുപ്പന്തറ മേഖലകളില്‍ സാമൂഹ്യവിരുദ്ധ ശല്ല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു.