ബിജെപിക്ക് ഇനി രണ്ട് ജില്ലാ പ്രസിഡന്റുമാര്‍
1508775
Monday, January 27, 2025 11:59 PM IST
കോട്ടയം: ബിജെപി ജില്ലാ പ്രസിഡന്റുമാരായി ലിജിന്‍ലാലും റോയി ചാക്കോയും ചുമതലയേറ്റു. കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റായിട്ടാണ് ലിജിന്‍ലാലിന്റെ നിയമനം. ഈസ്റ്റ് ജില്ലാ പ്രസിഡന്റാണ് റോയി ചാക്കോ. ബിജെപിയുടെ പുതിയ സംഘടനാ രീതിയനുസരിച്ചാണ് ജില്ലയെ നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു ജില്ലയായി തിരിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ ബിജെപി ജില്ലാ ഓഫീസില്‍ നടന്ന ചടങ്ങില്‍ വരണാധികാരി ഡോ. രേണു സുരേഷാണ് ഇരുവര്‍ക്കും നിയമന ഉത്തരവ് നല്‍കിയത്.
കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷനായ ലിജിന്‍ ലാല്‍ ഇതു രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്. പ്രഖ്യാപന സമ്മേളനം ബിജെപി മുതിര്‍ന്ന നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. റോയി ചക്കോയുടെ പ്രഖ്യാപന സമ്മേളനം പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, എം.ബി. രാജഗോപാല്‍, ജി. രാമന് നായര്‍, നോബിള്‍ മാത്യു, എന്‍.പി. കൃഷ്ണകുമാര്‍, വി.എന്‍. മനോജ്, മഞ്ജു സുരേഷ്, എസ്. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ല കോട്ടയം ഈസ്റ്റ് എന്ന പേരിലും പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ല കോട്ടയം വെസ്റ്റ് എന്ന പേരിലും അറിയപ്പെടും. നിലവിലെ ജില്ലാ കമ്മിറ്റി ഓഫീസിനു പുറമേ ഇനി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസും നിലവില്‍ വരും. പൊന്‍കുന്നം കേന്ദ്രീകരിച്ചായിരിക്കും ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ പ്രവര്‍ത്തനം.