ജീവിതശൈലീ രോഗത്തിനെതിരേ സ്വരുമ പാലിയേറ്റീവ് കെയർ
1508765
Monday, January 27, 2025 10:51 PM IST
കുറവിലങ്ങാട്: മൂന്ന് ആഴ്ചകൾക്കുള്ളിൽ 33 സ്ഥലങ്ങളിൽ ജനകീയ ബോധവത്കരണ സെമിനാർ. ജീവിതശൈലീ രോഗങ്ങൾക്കെതിരേ ജനകീയ മുന്നേറ്റമൊരുക്കി ശ്രദ്ധ നേടുകയാണ് സ്വരുമ പാലിയേറ്റീവ് കെയർ. മാറിയ ജീവിതശൈലിയും ആഹാരരീതിയും വ്യായാമം ഇല്ലായ്മയും രോഗങ്ങളിലേക്ക് വഴിതെളിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് ജനകീയ ബോധവത്കരണം.
മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചാണ് ബോധവത്കരണ ശ്രമങ്ങളും രക്തപരിശോധനയും നടത്തിയത്. രണ്ടു പഞ്ചായത്തുകളിലെ 14 വാർഡുകളിലും ഗ്രാമസഭകളോട് ചേർന്ന് സെമിനാർ ഒരുക്കി. ഉഴവൂരിൽ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലും സെമിനാർ നടത്തി. സ്വരുമ പാലിയേറ്റീവ് കെയർ വോളണ്ടിയർമാർക്കായും ബോധവത്കരണം നടത്തിയിരുന്നു.
ഡോ. ടി.എം. ഗോപിനാഥപിള്ള, സ്വരുമ പാലിയേറ്റീവ് കെയർ കോ-ഓർഡിനേറ്റർ ബെന്നി കോച്ചേരി, പാലിയേറ്റീവ് നഴ്സ് ദീപ്തി കെ. ഗോപാലൻ, എംഎൽഎസ്പി അശ്വനി, മോളിക്കുട്ടി സൈമൺ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡന്റുമാരായ അൽഫോൻസ ജോസഫ്, ഉഷ രാജു, പഞ്ചായത്ത് സെക്രട്ടറിമാരായ പ്രദീപ്, ശ്രീകുമാർ എസ്. കൈമൾ, ഉഴവൂർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സെക്രട്ടറി കെ.സി. ജോണി എന്നിവരുടെ നേതൃത്വത്തിലാണ് സെമിനാറിന്റെ ക്രമീകരണങ്ങൾ നടത്തിയത്.
സ്വരുമ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഷിബി വെള്ളായിപറമ്പിൽ, കമ്മിറ്റിയംഗങ്ങളായ വിജി അനിൽകുമാർ, സി.കെ. സന്തോഷ്, ജോസ് മണക്കാട്ട്, ഷാജി പുതിയിടം, ജോസ് സി. മണക്കാട്ട്, സുനിൽ അഞ്ചുകണ്ടത്തിൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.