സ്ത്രീകളിലെ കാന്‍സറിനെതിരേ നിഷ ജോസ് കെ. മാണിയുടെ കാരുണ്യ സന്ദേശയാത്ര
1508749
Monday, January 27, 2025 5:38 PM IST
കോട്ടയം: സ്ത്രീകളിലെ കാന്‍സറിനെതിരേ സന്ദേശവുമായി നിഷ ജോസ് കെ. മാണി. സ്ത്രീകളിലെ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപിയുടെ ഭാര്യയും കാന്‍സര്‍ അതിജീവിതയുമായ നിഷ കേരളത്തിനകത്തും പുറത്തുമാണു കാരുണ്യ സന്ദേശയാത്ര നടത്തുന്നത്.
ചൊവ്വാഴ്ച രാവിലെ 11.15ന് തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കെ.എം. മാണി സ്ഥിരമായി ഉപയോഗിച്ചിരുന്ന 1616 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ഇന്നോവ കാറാണ് നിഷ യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
കാറിന്റെ യാത്രയും കാറില്‍ കാന്‍സര്‍ ബോധവത്കരണ സ്റ്റിക്കര്‍ പതിക്കുന്ന ചടങ്ങും കഴിഞ്ഞദിവസം പാലായില്‍ നടന്നു. ചലച്ചിത്ര താരം മിയാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കാരുണ്യ സന്ദേശ യാത്രയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നിര്‍വഹിച്ചിരുന്നു.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും കാരുണ്യ സന്ദേശയാത്ര എത്തും. മുടി ദാനം, വിഗ് ദാനം എന്നിവയും സെമിനാര്‍, വാക്കത്തണ്‍, ചെയര്‍ യോഗ, സുംബ, ഫ്ളാഷ് മോബ് എന്നിവയും യാത്രയുടെ ഭാഗമായുണ്ടാകും. സ്ത്രീകള്‍ വിലപ്പെട്ടവരാണെന്നും അവര്‍ സ്വയം പരിപാലിക്കേണ്ടതുണ്ടെന്നും ഓര്‍മിപ്പിക്കുന്ന വ്യത്യസ്തമായൊരു യാത്രയാണിതെന്നു നിഷ പറഞ്ഞു.
സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗമാണ് സ്തനാര്‍ബുദം. സ്വന്തം ആരോഗ്യ കാര്യത്തിനു വേണ്ടത്ര പരിഗണന നല്‍കാത്തതിനാലും മറ്റു ജീവിതപ്രശ്നങ്ങളാലും സ്ത്രീകളില്‍ കൂടുതല്‍ പേരും രോഗം തിരിച്ചറിയാനും ചികിത്സ തേടാനും വൈകുന്നു.
സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക എന്നതാണു പ്രധാനം. ഈ അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണു കാരുണ്യ സന്ദേശയാത്ര നടത്തുന്നതെന്നും നിഷ പറഞ്ഞു. സ്തനാര്‍ബുദം ബാധിച്ചിരുന്ന നിഷ 2024 ജനുവരിയിലാണ് രോഗത്തെ അതിജീവിച്ചത്.