ചങ്ങനാശേരി-കവിയൂര്‍ റോഡ് ഫാത്തിമാപുരത്ത് അപകടക്കുഴി; ജനകീയ പ്രതിഷേധമുയരുന്നു
1508625
Sunday, January 26, 2025 7:01 AM IST
ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂര്‍ റോഡില്‍ ഫാത്തിമാപുരം പള്ളിക്കു സമീപം തകര്‍ന്ന റോഡ് അപകടക്കെണിയായി തുടരുന്നു. ദിവസവും ഇവിടെ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
കാലങ്ങളായി പൈപ്പ്പൊട്ടി വെള്ളം ഒഴുകിയതോടെയാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതോളംപേര്‍ അപകടത്തില്‍പ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. അതിൽ കൂടുതലും ബൈക്ക് യാത്രികരാണെന്നും അവർ പറഞ്ഞു.
വിഷയത്തില്‍ അധികാരികളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം രാത്രിയില്‍ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചു. റോഡ് തകര്‍ന്ന ഭാഗങ്ങളില്‍ അടുത്തിടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും പൈപ്പ് പൊട്ടല്‍മൂലം വീണ്ടും റോഡ് പഴയ പടിയായി.
ഫാത്തിമാപുരം പള്ളിക്കു സമീപത്തെ ഈ റോഡിന്റെ തകര്‍ച്ചയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.
മോര്‍ക്കുളങ്ങരയില്‍ പുതുതായി നിര്‍മിക്കുന്ന ഓവര്‍ഹെഡ് ടാങ്കിലേക്ക് തിരുവല്ല കറ്റോടുനിന്നു വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നത് കവിയൂര്‍ റോഡിലൂടെയാണ്. ഇതിനായി 57കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ജോബ് മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു.