2025 ജൂബിലിവർഷം : മാർ സ്ലീവാ വിളംബര പ്രയാണം ഇന്ന്; അതിരൂപതാതല ഉദ്ഘാടനം നാളെ
1490537
Saturday, December 28, 2024 7:00 AM IST
ചങ്ങനാശേരി: ഫ്രാൻസിസ് മാർപാപ്പ ഈശോയുടെ തിരുപ്പിറവിയുടെ 2025 ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലിവർഷത്തിന്റെ അതിരൂപതാതല ഉദ്ഘാടനത്തിന്റെ വിളംബര സന്ദേശം അറിയിച്ചുകൊണ്ടുള്ള മാർ സ്ലീവാ ജൂബിലി വിളംബര പ്രയാണത്തിന് ഇന്ന് രാവിലെ ആലപ്പുഴ പഴവങ്ങാടി മാർസ്ലീവാ തീർഥാടനകേന്ദ്രത്തിൽ തുടക്കംകുറിക്കും.
പ്രയാണത്തിന് ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോൺഗ്രസും കുടുംബ കൂട്ടായ്മയും നേതൃത്വം നൽകും. രാവിലെ 6. 30ന് ആലപ്പുഴ മാർ സ്ലീവാ ഫൊറോന പള്ളിയിൽ പരിശുദ്ധ കുർബാന. തുടർന്ന് 7.15ന് ഫൊറോന വികാരി റവ.ഡോ. സിറിയക് കോട്ടയിൽ മാർസ്ലീവാ ജൂബിലി വിളംബര പ്രയാണം ഉദ്ഘാടനം ചെയ്യും.
ജൂബിലി ജനറൽ കൺവീനർ ഫാ. ജോർജ് മാന്തുരുത്തിൽ, എകെസിസി അതിരൂപത ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ ചാമക്കാല, അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ, ഫൊറോനാ ഡയറക്ടർ ഫാ. ജോയൽ പുന്നശേരി, ഫാ. ബിജു മണവത്ത്, പ്രയാണം ജനറൽ കൺവീനർ സെബാസ്റ്റ്യൻ വർഗീസ്, ബിനു ഡൊമിനിക് നടുവിലേഴം, ജോസ് ജോൺ നെങ്ങാന്തറ, റോയ് വേലിക്കെട്ടിൽ, ഷാജി പോൾ ഉപ്പൂട്ടിൽ എന്നിവർ ചേർന്ന് മാർ സ്ലീവ ഏറ്റുവാങ്ങും.
പ്രയാണം ചങ്ങനാശേരി അതിരൂപതയുടെ വിവിധ പള്ളികളിലൂടെ കടന്നുപോകും. വൈകുന്നേരം 4.15 പാറേൽ പള്ളിയിലെത്തുന്ന പ്രയാണം അരമനപ്പടി, മാർക്കറ്റ് വഴി ചന്തക്കടവ് തിരുക്കുടുംബ കുരിശടിയിലെത്തി 5.45ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിലെത്തും.
ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട്, മെത്രാപ്പോലീത്തൻ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിക്കും.
ജൂബിലിവർഷത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നാളെ രാവിലെ 6.30ന് മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധ കുർബാനയെത്തുടർന്ന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നിർവഹിക്കും. വിശുദ്ധ കുർബാനയിൽ ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാർ, കൂരിയ അംഗങ്ങൾ, മെത്രാപ്പോലീത്തൻ പള്ളി വികാരി തുടങ്ങിയവർ സഹകാർമികരാകും.