വിശ്വാസത്തിന്റെ 1027 വർഷങ്ങൾ പിന്നിട്ട് വടയാറിലെ ക്രൈസ്തവ സമൂഹം
1490541
Saturday, December 28, 2024 7:00 AM IST
തലയോലപ്പറമ്പ്: ക്രൈസ്തവ വിശ്വാസത്തിന്റെ 1027 വർഷങ്ങൾ പിന്നിടുകയാണ് വടയാറിലെ ക്രൈസ്തവ സമൂഹം. വൈക്കത്തെ ഏറ്റവും പഴക്കമേറിയ ക്രൈസ്തവ ദേവാലയമാണ് വടയാർ ഉണ്ണിമിശിഹാ പള്ളി. വൈക്കത്തും കടുത്തുരുത്തിയിലും ചേർത്തല പള്ളിപ്പുറത്തും മാത്രമാണ് ആദ്യം പള്ളികളുണ്ടായിരുന്നത്.
മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും സവിധമായ വടയാർ പള്ളി ടിപ്പുവിന്റെ പടയോട്ടം പോലെ പല പ്രതിസന്ധികളേയും തരണം ചെയ്തിട്ടുണ്ട്. വടക്കുംകൂർ രാജാവായിരുന്ന ഭാസ്കര രവിവർമ എന്ന കുലശേഖര രാജാവിന്റെ കാലത്ത് 997ലാണ് വടയാറിലെ ക്രൈസ്തവ സമൂഹം പ്രാർഥനയ്ക്കായി ഇളംകാവിൽ പള്ളി സ്ഥാപിച്ചത്.
പിന്നീട് 1100ൽ ഇന്നത്തെ സ്ഥലത്തേക്കു പള്ളി മാറ്റി സ്ഥാപിച്ചു. പള്ളിയുടെ കീഴിൽ മൂന്ന് സ്കൂളുകൾ പ്രവർത്തിക്കുന്നു.
വടയാറിലെ തിരുനാൾ മത സൗഹാർദത്തിന്റെ നേർക്കാഴ്ചയാണ്. പള്ളിയിലെ തിരുനാൾ ദർശന സമൂഹത്തിന്റെ തിരുനാളായാണ് കൊണ്ടാടുന്നത്. 1881 ലാണ് ഇവിടെ ദർശന സമൂഹം രൂപം കൊണ്ടത്. നിരവധി വൈദികരും സന്യസ്തരും ഈ ഇടവകയിൽനിന്ന് വിദേശ രാജ്യങ്ങളിൽ സേവനം ചെയ്യുന്നു.
വടയാറിലെ ഉണ്ണിമിശിഹായുടെ തിരുനാൾ ഇന്ന് കൊടിയേറി മഹാ ജൂബിലി വർഷമായ 2025 ജനുവരി രണ്ടിന് സമാപിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയങ്ങളിലൊന്നായ വടയാർ മതസൗഹാർദത്തിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്. ഈശോയുടെ കുരിശിന്റെ തിരുശേഷിപ്പ് പള്ളിയുടെ അൾത്താരയിൽ പരസ്യവണക്കത്തിനായി സ്ഥാപിച്ചിട്ടുണ്ട്.
വിശുദ്ധ മദർ തെരേസയുടെ തിരുശേഷിപ്പും ഇവിടെ അൾത്താരയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പളളിലാണ് ഇപ്പോഴത്തെ ഇടവക വികാരി.