തഴപ്പായ പ്രതാപം മങ്ങി; തഴ വാങ്ങാന്‍ പടക്കക്കമ്പനികള്
1490412
Saturday, December 28, 2024 5:29 AM IST
കോട്ടയം: വൈക്കം, തലയാഴം, ഉല്ലല പ്രദേശങ്ങളുടെ തഴപ്പായ പ്രതാപം അസ്തമിക്കുന്നു. തഴയും തഴപ്പായും മാത്രമല്ല പഴമക്കാരുടെ നെയ്ത്തുതൊഴിലും ഇല്ലാതായി. വേമ്പനാട്ട് കായലിന്റെയും തോടുകളുടെയും തീരങ്ങളില്‍ ഒരിക്കല്‍ സമൃദ്ധമായിരുന്ന കൈതോല വെട്ടി ഉണക്കി പായയും അലങ്കാര സാമഗ്രികളും നെയ്തുവില്ക്കുന്നത് അനേകം സ്ത്രീകളുടെ ജീവിതമാര്‍ഗമായിരുന്നു.
തഴയില മുറിച്ചെടുത്ത് തെറുത്ത് ചൂടുവെള്ളത്തില്‍ പുഴുങ്ങിയോ വെയിലത്ത് ഉണക്കിയോ ആണ് പായ നിര്‍മാണത്തിന് സജ്ജമാക്കിയിരുന്നത്. കിടക്കാനും നെല്ലുണക്കാനുമൊക്കെ പലതരം പായകള്‍ ഇവര്‍ നെയ്തെടുത്തിരുന്നു. ഈയിടെയായി തഴ ഉണക്കിയത് പടക്കം നിര്‍മാതാക്കള്‍ വാങ്ങിക്കൊണ്ടുപോകുകയാണു പതിവ്.
അപ്പര്‍ കുട്ടനാട്ടിലെ സ്ത്രീകളുടെ പരമ്പരാഗത തൊഴിലായിരുന്നു പായ, പൂക്കൂട, വട്ടി എന്നിവയുടെ നിര്‍മാണം. വിശേഷ നാളുകളില്‍ രാവെളുക്കുവോളമിരുന്നായിരുന്നു പണി തീര്‍ക്കുന്നത്. കൈതോലയുടെ പല ഉത്പന്നങ്ങളും കാലവിസ്മൃതിയിലേക്ക് മാഞ്ഞുകഴിഞ്ഞു.
ശ്രമകരമായ ജോലിയാണ് കൈതോല വെട്ടിയൊരുക്കുകയെന്നത്. കൈതോല മുറിച്ച് ഓലയുടെ ഇരുവശത്തുമുള്ള മുള്ള് ചീകി വാട്ടിയശേഷം ചുറ്റിയെടുക്കും. പിന്നീട് വെയിലത്തും പുകയത്തും നന്നായി ഉണക്കിയെടുത്തശേഷമാണ് നെയ്ത്ത്. ഇതിനെ പോളി എന്നാണ് പറയുന്നത്.
പോളികൊണ്ട് കിടക്കപ്പായ, മെത്തപ്പായ, ചിക്കുപായ, പൂക്കൂട, ബാഗുകള്‍, സഞ്ചികള്‍ തുടങ്ങിയവയാണ് പ്രധാനമായും തയാറാക്കിയിരുന്നത്. ഇവ ചന്തകളിലും വീടുകളിലും നടന്ന് വില്‍ക്കാനും സ്ത്രീകള്‍തന്നെയാണ് മുന്‍നിരയില്‍ നിന്നിരുന്നത്.
നാലടി വീതിയിലും ആറടി നീളത്തിലുമാണ് കിടക്കപ്പായകള്‍ നെയ്തെടുത്തിരുന്നത്. ചിക്കുപായ പാടശേഖരങ്ങളില്‍ കൊയ്ത്ത് മെതിച്ചെടുക്കാനും പുഴുങ്ങിയ നെല്ല് ഉണക്കിയെടുക്കാനുമാണ് ഉപയോഗിച്ചിരുന്നത്.
നെല്‍വിത്ത് വിതയ്ക്കുന്നതിന് വിതവട്ടികളും, ക്ഷേത്രത്തില്‍ പൂക്കള്‍ കൊണ്ടുപോകുന്നതിനായ് പൂക്കൂടയും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഇവയെല്ലാം ഓര്‍മയായി മാറി. ചിക്കുപായ, തുമ്പുപായ, തടുക്ക് തുടങ്ങി വൈവിധ്യമുള്ള പായകള്‍ മുതല്‍ ചെരിപ്പ്, മാര്‍ക്കറ്റ് ബാഗ്, ജുവല്‍ ബോക്സ്, ടേബിള്‍മാറ്റ് തുടങ്ങി നൂറിലേറെ വ്യത്യസ്ത ഉത്പന്നങ്ങള്‍ തഴയില്‍ നെയ്തെടുത്തിരുന്നു. തഴ കീറി ഊടും പാവും ഇട്ടാണ് നെയ്യുന്നത്.
പായയുടെ നൂലുകള്‍ നെയ്തെടുക്കാന്‍ പ്രാഗല്ഭ്യമുള്ളവര്ക്കേ കഴിയൂ. വൈക്കം ഉല്ലല, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലേക്കും തഴപ്പാ കയറ്റിപ്പോയിരുന്നത്. അധ്വാനത്തിനനുസരിച്ചു പ്രതിഫലം ലഭിക്കുന്നില്ലെന്നതും ഈ തൊഴിലിന്റെ പ്രതാപം മങ്ങാന്‍ കാരണമായി.
കുട്ടനാട്ടില്‍ കൊയ്ത്ത് ആരംഭിക്കുമ്പോള്‍ മുന്‍പൊക്കെ പ്രത്യേകം ഓര്‍ഡര്‍ കൊടുത്താണ് വിരിപ്പായകള് വാങ്ങിയിരുന്നത്. തഴപ്പായകളില്‍ വിലയിലും ഗുണത്തിലും മുന്നിലാണ് മെത്തപ്പായ. ചെറിയ തഴയിട്ട് നെയ്യുന്ന മെത്തപ്പായകള്‍ക്ക് ഇന്നും ആവശ്യക്കാരുണ്ട്.
രണ്ട് പായകള്‍ കൂട്ടിച്ചേര്‍ത്താണ് മെത്തപ്പായ നെയ്യുന്നത്. ഇതിന് ഏറെ പരിചയവും കഴിവും ആവശ്യമുള്ളതിനാല്‍ സാധാരണ പായ നെയ്യുന്നവര്‍ മെത്തപ്പായ നെയ്യാറില്ല.