കുറവിലങ്ങാട് റബർ ബോർഡ് ഫീൽഡ് ഓഫീസ് പൂട്ടി
1490426
Saturday, December 28, 2024 5:42 AM IST
കുറവിലങ്ങാട്: റബർ കർഷകർ നഷ്ടക്കണക്കുകൾ നിരത്തി ബുദ്ധിമുട്ടുന്നതിന് പിന്നാലെ കുറവിലങ്ങാട്ടെ റബർ ബോർഡ് ഫീൽഡ് ഓഫീസ് താത്കാലികമായി പൂട്ടി. ആഴ്ചയിലൊരിക്കൽ മാത്രം പ്രവർത്തിച്ചിരുന്ന ഓഫീസ് ഇപ്പോൾ തുറക്കാതെയായി. ഓഫീസർ ഇല്ലാത്തതിനാൽ ഓഫീസ് തത്കാലം തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന അറിയിപ്പും ഓഫീസിന്റെ പ്രവേശന വാതിലിൽ പതിച്ചിട്ടുണ്ട്. പാലായിലെ റീജണൽ ഓഫീസിനെ ആശ്രയിക്കാനാണ് നിർദേശം.
കുറവിലങ്ങാടിനൊപ്പം പാലാ റീജണൽ ഓഫീസിനു കീഴിൽ അഞ്ച് ഫീൽഡ് ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ കടനാട്ടെ ഓഫീസും പൂട്ടിയ നിലയിലാണ്. രാമപുരത്തിന് പുറമേ രണ്ട് ഫീൽഡ് ഓഫീസുകൾ റീജണൽ ഓഫീസിനൊപ്പം പ്രവർത്തിക്കുന്നതിനാലാണ് അവ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.
റബർ ബോർഡിലെ ഫീൽഡ് ഓഫീസർ തസ്തികയിൽ അടുത്ത നാളിലൊന്നും നിയമനങ്ങൾ നടക്കാത്തതാണ് ഉദ്യോഗസ്ഥ ക്ഷാമത്തിന് വഴിതെളിക്കുന്നത്. താമസിയാതെ ഫീൽഡ് ഓഫീസർ തസ്തികയിൽ നിയമനം നടന്നാൽ മാത്രമേ ഇനി ഈ ഓഫീസുകൾ തുറന്നു പ്രവർത്തിക്കൂ.
ഫീൽഡ് ഓഫീസർ തസ്തികയിൽ സേവനം ചെയ്തിരുന്നവരിലേറെയും സ്ഥാനക്കയറ്റം നേടിയതോടെയാണ് ഓഫീസുകൾതന്നെ പൂട്ടുന്നത്.