ബോട്ടിൽനിന്ന് വേമ്പനാട് കായലിലേക്ക് ചാടിയ മധ്യവയസ്കൻ മരിച്ചു
1490539
Saturday, December 28, 2024 7:00 AM IST
കുമരകം: ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിൽനിന്നും വേമ്പനാട്ടു കായലിലേക്ക് ചാടിയ മധ്യവയസ്കൻ മരിച്ചു. കഴിഞ്ഞ് വ്യാഴാഴ്ച രാത്രി 7.30നായിരുന്നു ചേർത്തല കടക്കരപ്പള്ളി അമ്പിളി നിലയത്തിൽ ഉദയൻ (തമ്പി-56) കായലിലേക്ക് ചാടിയത്. കഴിഞ്ഞ രാത്രിയും ഇന്നലെ പകലും നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ 2.45നായിരുന്നു കായലിന്റെ മധ്യഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.
ഈ മാസം ഏഴു മുതൽ ഉദയനെ കാണാതായിരുന്നു. ഇതേത്തുടർന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. വ്യാഴാഴ്ച കുമരകത്തുനിന്ന് മുഹമ്മയിലേക്ക് ബോട്ട് പുറപ്പെട് 20 മിനിറ്റിനു ശേഷമാണ് ഉദയൻ കായലിലേക്ക് ചാടിയത്. ബോട്ടിന്റെ ജനലിനു സമീപത്തിരുന്ന ഉദയൻ അടുത്തിരുന്ന യാത്രക്കാരനോട് മുഹമ്മയിൽ എത്തിച്ചേരാൻ എത്രസമയം എടുക്കുമെന്ന് അന്വേഷിച്ചശേഷം ബാഗുകൾ സീറ്റിൽവച്ച് ജനൽ വഴി കായലിലേക്കു ചാടുകയായിരുന്നു. ബാഗിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാടിയ ആളെ തിരിച്ചറിഞ്ഞത്.
ബോട്ട് സംഭവസ്ഥലത്ത് നങ്കൂരമിട്ട് ജീവനക്കാർ അർധരാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മുഹമ്മ സ്റ്റേഷനിൽനിന്നും റെസ്ക്യൂ ബോട്ടിൽ പോലീസ് കായലിലെ സംഭവ സ്ഥലത്തെത്തിയ ശേഷമാണ് എസ് 51-ാം നമ്പർ ബോട്ട് യാത്രക്കാരുമായി മുഹമ്മയിലേക്ക് യാത്ര തുടർന്നത്.
എഎസ്പി ഹരീഷ് ജെയ്നിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ചേർത്തലയിൽനിന്നും ഫയർഫോഴ്സും ആലപ്പുഴയിൽനിന്ന് സ്കൂബാ ടീമും സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ ജലഗതാഗത വകുപ്പ് ജീവനക്കാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഭാര്യ: അമ്പിളി. മക്കൾ: ഉണ്ണികൃഷ്ണൻ, കാർത്തിക്.