ക​ടു​ത്തു​രു​ത്തി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ലെ ജോ​ണ്‍സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ട്ടു​ചി​റ ഡി​വി​ഷ​ന്‍ മെം​ബ​റാ​ണ്. 13 അം​ഗ​ങ്ങ​ളു​ള്ള ബ്ലോ​ക്കി​ല്‍ ജോ​ണ്‍സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി​ക്ക് ഒ​മ്പ​തും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി സു​ബി​ന്‍ മാ​ത്യു​വി​ന് മൂ​ന്ന് വോ​ട്ടും ല​ഭി​ച്ചു.

ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി​പി​ഐ​യി​ലെ വ​ട​ക​ര ഡി​വി​ഷ​ന്‍ പ്ര​തി​നി​ധി​യാ​യ പി.​കെ. സ​ന്ധ്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ന്ധ്യ​യ്ക്ക് പ​ത്തും എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി ത​ങ്ക​മ്മ വ​ര്‍ഗീ​സി​ന് മൂ​ന്നും വോ​ട്ടും ല​ഭി​ച്ചു.

മു​ന്ന​ണി ധാ​ര​ണ​യ​നു​സ​രി​ച്ചു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ് ന​യ​നാ ബി​ജു​വും രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സ​ബ് ക​ള​ക്ട​ര്‍ ജി​നു പു​ന്നൂ​സ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.

ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ള്ള ജോ​ണ്‍സ​ണ്‍ നി​ല​വി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​നാ​യി​രു​ന്നു. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ സി​പി​എ​മ്മി​ന് ആ​റും കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ന് മൂ​ന്നും സി​പി​ഐ​ക്ക് ഒ​ന്നും ഉ​ള്‍പ്പെ​ടെ എ​ല്‍ഡി​എ​ഫി​ന് 10 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

യൂ​ഡി​എ​ഫി​ന് കോ​ണ്‍ഗ്ര​സി​ലെ ര​ണ്ടും കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ ഒ​ന്നും ഉ​ള്‍പ്പെ​ടെ മൂ​ന്നും പ്ര​തി​നി​ധി​ക​ളാ​ണു​ള്ള​ത്.