ജനകീയ വിജയം: വീരൻമല കുന്നിടിക്കൽ നിർത്തിവച്ചു
1490583
Saturday, December 28, 2024 7:09 AM IST
നെടുംകുന്നം: വീരൻമല കുന്നിലെ ചമ്പന്നൂർപ്പടിയിൽനിന്നു മണ്ണെടുക്കാനുള്ള ജിയോളജി വകുപ്പിന്റെ പാസ് താത്കാലികമായി സസ്പെൻഡ് ചെയ്തു. ജിയോളജിസ്റ്റ് സ്ഥലം സന്ദർശിച്ച് പുതിയ റിപ്പോർട്ട് നൽകുന്നതുവരെ മണ്ണെടുക്കാൻ പാടില്ലെന്ന് കളക്ടർ ഉത്തരവായി. കഴിഞ്ഞദിവസം ജിയോളജി അധികൃതർ മണ്ണെടുപ്പ് നടത്തിയ സ്ഥലം സന്ദർശിച്ചിരുന്നു.
രണ്ടാഴ്ച മുമ്പാണ് 52 ലക്ഷം രൂപ റോയൽറ്റി അടച്ച് കൊല്ലം സ്വദേശിയുടെ നേതൃത്വത്തിൽ ഇവിടെനിന്നു മണ്ണെടുക്കാൻ ജിയോളജി വകുപ്പിൽനിന്ന് അനുമതി നേടിയത്. ആദ്യ ദിവസങ്ങളിൽ ഇവിടെനിന്നും ടൺ കണക്കിന് മണ്ണു കൊണ്ടുപോയി. അടുത്തദിവസം നാട്ടുകാർ മണ്ണെടുപ്പിനെതിരേ രംഗത്തെത്തുകയും വൻ ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. കോടതി ഉത്തരവോടെ പോലീസ് സംരക്ഷണത്തിൽ മണ്ണെടുക്കാനുള്ള നീക്കവും ജനകീയ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി.
ദേശീയപാത വികസനത്തിനായി എട്ടരയേക്കറോളം സ്ഥലത്തെ കുന്നിടിച്ചു നിരത്താനാണ് നിലവിൽ അനുമതി ലഭിച്ചത്. 200 അടിയോളം ഉയരത്തിൽ കുന്നിടിക്കുന്നത് പ്രദേശവാസികൾ എതിർത്തതോടെയാണ് പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ടത്. തുടർന്ന് ജനകീയ സമിതി രൂപീകരിച്ച് നടത്തിയ പ്രതിഷേധമാണ് താത്കാലികമായി വിജയം കണ്ടത്.
മണ്ണെടുപ്പ് നിർത്തിയതോടെ മണ്ണുമാന്തി യന്ത്രങ്ങളും ലോറികളുമടക്കം കഴിഞ്ഞദിവസം ഇവിടെ നിന്നും കൊണ്ടുപോയി. മണ്ണെടുപ്പിന് അനുമതി കൊടുത്താൽ ഇനിയും ശക്തമായി പ്രതിരോധിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.