നായക്കൂട്ടം യാത്രക്കാരുടെ നേരേ കുരച്ചുചാടുന്നു : തെരുവുനായ്ക്കളുടെ നിയന്ത്രണം പാളുന്നു; നഗരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണി
1490584
Saturday, December 28, 2024 7:12 AM IST
ചങ്ങനാശേരി: തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുള്ള നടപടികള്‍ താളംതെറ്റുന്നു. ആക്രമണകാരികളായ നായ്ക്കളുടെ വിളയാട്ടം നഗരവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന സഞ്ചാരികള്‍ക്കും കടുത്ത ഭീഷണിയാകുന്നു. നഗരത്തിലെ സസ്യ-മത്സ്യ മാര്‍ക്കറ്റുകള്‍, വണ്ടിപ്പേട്ട, കുരിശുംമൂട്, പാറേല്‍ പള്ളി, ഫാത്തിമാപുരം ഭാഗങ്ങള്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇറച്ചിവെട്ടു സ്റ്റാളുകളുടെ പരിസരം കേന്ദ്രീകരിച്ചാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുള്ള എബിസി പ്രോഗ്രാം നടപടികള്‍ നിലച്ചതോടെയാണ് ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. അസംപ്ഷന്‍, എസ്ബി കോളജുകളിലേക്ക് വിദ്യാര്‍ഥികള്‍ കാല്‍നടയായി സഞ്ചരിക്കുന്ന പി.പി. ജോസ് റോഡില്‍ അലഞ്ഞുതിരിയുന്ന നായക്കൂട്ടങ്ങള്‍ ഏറെ ഭീഷണിയാണ്.
ളായിക്കാട്-പാലാത്രച്ചിറ ചങ്ങനാശേരി ബൈപാസിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇരുചക്ര വാഹനയാത്രികർക്ക് നേരെ കുരച്ചുചാടുന്ന നായ്ക്കള്‍ യാത്രക്കാര്‍ക്കു രൂക്ഷമായ ഭീഷണിയാണ്.
തൃക്കൊടിത്താനം പഞ്ചായത്തിലെ പുലിക്കോട്ടുപടി, കുന്നുംപുറം, അമര, ചാഞ്ഞോടി, മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണ, മാമ്മൂട്, വെങ്കോട്ട, പായിപ്പാട് പഞ്ചായത്തിലെ പായിപ്പാട്, നാലുകോടി കവലകള്‍ തുടങ്ങിയ സ്ഥലങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് എന്‍സിപി നിയോജക മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ്് ലിനു ജോബ് ഉദ്ഘാടനം ചെയ്തു.