നിയന്ത്രണംവിട്ട കാർ ബൈക്കുകളിലും ഓട്ടോയിലും കടയിലും ഇടിച്ചു
1490420
Saturday, December 28, 2024 5:42 AM IST
എരുമേലി: പേട്ടക്കവലയിൽ നിയന്ത്രണം തെറ്റിയ കാർ മൂന്ന് ബൈക്കുകളിലും ഒരു ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം നടപ്പാതയിൽനിന്നും കടയുടെ മുൻവശത്തേക്ക് ഇടിച്ചു കയറി നിന്നു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാറിന്റെ വേഗം നിയന്ത്രിക്കാൻ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാലമർത്തിയതോടെ നിയന്ത്രണം തെറ്റി പാഞ്ഞതാണ് അപകടം സൃഷ്ടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ആദ്യം ഇടിച്ച കാർ എതിർവശത്തേക്ക് പാഞ്ഞ് ഈ ഭാഗത്ത് കടയുടെ മുന്നിലുള്ള രണ്ട് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം നടപ്പാത കടന്ന് കടയുടെ മുന്നിലേക്ക് ഇടിച്ചു നിൽക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ ഗ്ലാസ് തകർന്നു.
മൂന്ന് ബൈക്കുകൾക്കും കേടുപാടുകളുണ്ട്. കടയുടെ മുൻവശത്ത് നാശനഷ്ടങ്ങൾ സംഭവിച്ചു. കാർ ഡ്രൈവറെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.