നവോത്ഥാനത്തിന് ആദ്യാക്ഷരം കുറിച്ചത് വിശുദ്ധ ചാവറയച്ചൻ: ബിഷപ് മാത്യൂസ് മാർ പോളികാർപ്പസ്
1490408
Saturday, December 28, 2024 5:29 AM IST
മാന്നാനം: കേരളത്തിൽ നവോത്ഥാനത്തിന് ആദ്യാക്ഷരം കുറിച്ചത് വിശുദ്ധ ചാവറയച്ചനാണെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ്. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ രണ്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സഭയ്ക്കുള്ളിലും സമൂഹത്തിലും ഒരു ജനതയെ വളർത്തിയെടുക്കുന്നതിനായി ജീവിതം സമർപ്പിച്ച വിശുദ്ധനായിരുന്നു ചാവറയച്ചനെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കുശേഷം 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം മാത്യൂസ് മാർ പോളിക്കാർപ്പസ് ഉദ്ഘാടനം ചെയ്തു. ഇന്നും ഞായറാഴ്ചയും രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ തിരുശേഷിപ്പ് വണങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കും.
വൈകുന്നേരം ഫാ. ജോസി കൊല്ലമ്മാലിൽ സിഎംഐ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി ഇന്നലെ പ്രതിഷ്ഠിച്ചു.
ഇന്ന് സന്യസ്ത സംഗമം
ഭാരതത്തിലെ ആദ്യ ഏതദ്ദേശീയ സന്യാസസഭയായ സിഎംഐ സഭയുടെയും സിഎംസി സന്യാസിനീ സഭയുടെയും സ്ഥാപക പിതാവായ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ച് എല്ലാ വർഷവും നടത്താറുള്ള സന്യസ്ത സംഗമം ഇന്നു നടത്തും.
രാവിലെ 10ന് ആരംഭിക്കുന്ന സംഗമത്തിൽ കേരളത്തിലെ വിവിധ സന്യാസ സഭകളിലെ നൂറുകണക്കിന് അംഗങ്ങൾ സംബന്ധിക്കും. ഫാ. ബിബിൻ ജോർജ് പ്രഭാഷണം നടത്തും.