ഇന്റർ യൂണിവേഴ്സിറ്റി 3x3 ദേശീയ ബാസ്കറ്റ്ബോൾ ആരംഭിച്ചു
1490419
Saturday, December 28, 2024 5:42 AM IST
കാഞ്ഞിരപ്പള്ളി: അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി പുരുഷ-വനിത 3x3 ബാസ്കറ്റ്ബോൾ മത്സരങ്ങൾക്ക് സെന്റ് ഡൊമിനിക്സ് കോളജിൽ തുടക്കം കുറിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു.
മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, എംജി യൂണിവേഴ്സിറ്റി കായികവകുപ്പ് മേധാവി ഡോ. ബിനു ജോർജ് എന്നിവർ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, എംജി യൂണിവേഴ്സിറ്റി, സെന്റ് ഡൊമിനിക്സ് കോളജ് എന്നിവയുടെ പതാകകൾ ഉയർത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്നിട്ടുള്ള പുരുഷ-വനിതാ ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. എംജി യൂണിവേഴ്സിറ്റി വനിതാ ടീം ക്യാപ്റ്റൻ സാന്ദ്രാ ഫ്രാൻസിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം ടി. മോഹനൻ, പഞ്ചായത്തംഗങ്ങളായ ഷാലിമ്മ ജയിംസ്, ജോണിക്കുട്ടി മഠത്തിനകം,
വിരമിച്ച ജീവനക്കാരുടെ പ്രതിനിധി പ്രഫ. സി.എ. തോമസ്, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ബിജി കമാൽ, യൂണിയൻ ചെയർമാൻ ഫെബിൻ ജോസ്, പ്രഫ. മേരിക്കുട്ടി ചാക്കോ, ടി. പ്രതാപ് കുമാർ എന്നിവർ പ്രസംഗിച്ചു. എംജി യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. ബിനു ജോർജ് വർഗീസ്, പ്രിൻസിപ്പൽ ഡോ. സിമോൻ തോമസ്, കായിക വിഭാഗം മേധാവി പ്രഫ. പ്രവീൺ തര്യൻ എന്നിവർ നേതൃത്വം നൽകി.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെയും വിശ്രുത സാഹിത്യകാരൻ എംടിയുടെയും നിര്യാണത്തെ തുടർന്ന് ഉദ്ഘാടന ചടങ്ങ് ലളിതമായാണ് സംഘടിപ്പിച്ചത്. കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു.
തുടർന്നു നടന്ന മത്സരത്തിൽ മദ്രാസ് യൂണിവേഴ്സിറ്റി, ബാംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെ തോൽപ്പിച്ചു. രാവിലെ 6.45 മുതൽ 8.30 വരെയും വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെയുമാണ് മത്സരങ്ങൾ നടക്കുന്നത്.