മഴ മാറി, ഇനി കഠിനവേനല്‍
1490414
Saturday, December 28, 2024 5:29 AM IST
കോട്ടയം: ഇക്കൊല്ലത്തെ മഴ ഏറെക്കുറെ നിലച്ചതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ജില്ലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ മഴയില്‍ അഞ്ചു ശതമാനത്തോളം വര്‍ധനയുണ്ട്. 2018നു ശേഷം തുടരെയുണ്ടായ പ്രളയങ്ങളും ഉരുള്‍പൊട്ടലും ഇക്കൊല്ലം ആവര്ത്തിച്ചില്ലെന്നതും ആശ്വാസമായി. ജനുവരി ആദ്യവാരം നേരിയ മഴ പെയ്യാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
എന്നാല്‍ കടലില്‍ ന്യൂനമര്‍ദം വേനല്‍ക്കാലത്തും പതിവായിരിക്കെ അടുത്ത മാസം ഏതാനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മുന്‍വര്‍ഷത്തെക്കാള്‍ ശക്തമായ വേനല്‍ച്ചൂടും വരള്‍ച്ചയും പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷണം. മഴ പിന്മാറി ഒരാഴ്ച പിന്നിടുമ്പോള്‍തന്നെ വേനല്‍ താപനില 35 ഡിഗ്രിയിലേക്ക് കടന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 40 ഡിഗ്രി ചൂട് വടവാതൂരില്‍ രേഖപ്പെടുത്തിയിരുന്നു. ഇക്കൊല്ലം 41 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കാം. ജില്ലയിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അതിവേഗം താഴുകയാണ്. കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധിക്കാണ് സാധ്യത.