പാലാ സെന്റ് തോമസ് കോളജ് ആഗോള പൂര്‍വവിദ്യാര്‍ഥി മഹാസംഗമം ഹൃദ്യമായി
1490423
Saturday, December 28, 2024 5:42 AM IST
പാലാ: വീണ്ടും ആ മരത്തണലില്‍ അവര്‍ ഒത്തുചേര്‍ന്നു. പഴയ കഥകള്‍ പറഞ്ഞും അനുഭവങ്ങള്‍ പങ്കുവച്ചും ഹൃദ്യമായ ഒത്തുചേരൽ. പാലാ സെന്റ് തോമസ് കോളജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇന്നലെ കോളജ് മൈതാനത്ത് ആഗോള പൂര്‍വവിദ്യാര്‍ഥി മഹാസംഗമം സംഘടിപ്പിച്ചത്.
എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് പതാക ഉയര്‍ത്തിയതോടെ പൂര്‍വവിദ്യാര്‍ഥി സമ്മേളനം ആരംഭിച്ചു. കോളജ് കാമ്പസിലെ വ്യത്യസ്തയിടങ്ങളിലായി വിവിധ ബാച്ചുകളുടെ ഒത്തുചേരലോടെ നടന്ന സതീര്‍ഥ്യരുടെ കൂട്ടായ്മ ഹൃദ്യമായി.
കോളജിന്റെ നിര്‍മാണാരംഭത്തില്‍ ധനസഹായം നല്‍കിയവരുടെ പിന്‍തലമുറയില്‍പ്പെട്ടവര്‍, മുന്‍ മാനേജര്‍മാര്‍, മുന്‍ പ്രിന്‍സിപ്പല്‍മാര്‍, കടന്നുപോയ 75 വര്‍ഷത്തിനിടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതസ്ഥാനത്തെത്തിയ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ ആദരിച്ചു. സുപ്രീംകോടതി മുന്‍ ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ചെയര്മാന് ഡോ. ടി.കെ. ജോസ്, കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ മുന്‍ അംഗം അഗസ്റ്റിന് പീറ്റര്‍, ജോസ് പനച്ചിപ്പുറം, ആർ. ഗിരിജ, ജോര്‍ജ് കള്ളിവയലില്‍, മുന്‍ ഐജി ജോസ് ജോര്‍ജ്, പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍,
കര്‍ഷക പുരസ്കാര ജേതാവ് ടിംസ് പോത്തന്, എംജി യൂണിവേഴ്സിറ്റി മുന്‍ വിസി ഡോ. ബാബു സെബാസ്റ്റ്യന്‍, ജയ്പുര്‍ മീഡിയ യൂണിവേഴ്സിറ്റി മുന്‍ വിസി സണ്ണി സെബാസ്റ്റ്യന്‍, ഉഗാണ്ട ഇസ്ബാറ്റ് യൂണിവേഴ്സിറ്റി ചെയര്മാന് വര്‍ഗീസ് മുണ്ടമറ്റം, വിശ്വാസ് ഫുഡ്സ് എംഡി സോണി ആന്റണി, അലൂമ്നി അസോസിയേഷന് സെക്രട്ടറി ഡോ. സാബു ഡി. മാത്യു, ട്രഷറര്‍ ഡോ. സോജന് പുല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ കോളജ് രക്ഷാധികാരി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോളജ് ആദ്യ ബാച്ച് വിദ്യാര്‍ഥിയും സെന്റ് തോമസ് കോളജ് രസതന്ത്ര വിഭാഗം മേധാവിയുമായിരുന്ന പ്രഫ. എ.വി. ആന്റണിയും ആദ്യ ബാച്ചുകാരനായ പി.എം. തോമസ് പതിയിലും ചേര്‍ന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. 75 തിരികള്‍ തെളിച്ചാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്.
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന് മുഖ്യസന്ദേശം നല്കി. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, മാണി സി. കാപ്പന് എംഎല്‍എ, അലൂമ്നി അസോസിയേഷന് പ്രസിഡന്റ് ഡിജോ കാപ്പന്, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, ജോയി നടുക്കര, ജോയി ഏബ്രഹാം, പി.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, പാലാ മുനിസിപ്പല്‍ ചെയര്മാന് ഷാജു തുരുത്തേല്‍, ഏഴാച്ചേരി രാമചന്ദ്രന്, സുനിത ഭാസ്കർ, റവ.ഡോ. ജയിംസ് മംഗലത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ് താഴത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന കലാസന്ധ്യയില്‍ പിന്നണി ഗായകന് ജി. വേണുഗോപാലും സംഘവും നയിച്ച ഗാനമേളയും റെജി രാമപുരത്തിന്റെ മിമിക്രിയും ഉണ്ടായിരുന്നു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
വെള്ളവും വെളിച്ചവും നല്കി തലമുറകളെ കല്പവൃക്ഷം പോലെ വളര്‍ത്തിയ കാലാലയമാണ് പാലാ സെന്റ് തോമസ് കോളജെന്നും സാമൂഹിക അവബോധവും വ്യക്തിത്വ വികസനവും പകര്‍ന്നു നല്കിയ കോളജ് നല്കുന്ന ചൂണ്ടുപലകകള്‍ വിലമതിക്കാനാവില്ലെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സെന്റ് തോമസ് കോളജ് അലൂമ്നി മഹാസംഗമത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
എല്ലാവരെയും പരിഗണിക്കുന്ന കാഴ്ചപ്പാട് സെന്റ് തോമസ് കോളജ് നല്കുന്നു. വലിയ സ്വാതന്ത്ര്യവും സന്തോഷവും ഈ കലാലയത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ട്. തലമുറകളിലൂടെ കോളജിനെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ കാരണവും അതാണെന്നു മാർ കല്ലറങ്ങാട്ട് പറഞ്ഞു.
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്
പാലാ സെന്റ് തോമസ് കോളജില്‍ പഠിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. തന്റെ കരിയറിലും വീക്ഷണത്തിലും ഇവിടെനിന്നു ലഭിച്ച അനുഭവം വലുതാണ്. ഈ കലാലയത്തിലെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെ എല്ലാവിധ ഉന്നമനവുമാണ് ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നത്. സ്നേഹമാണ് ഈ കലാലയത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.