വെള്ളമെത്താതെ എംവിഐപി കനാല്‍, ദുരിതം പേറി ജനങ്ങള്‍
1480670
Wednesday, November 20, 2024 8:08 AM IST
കടുത്തുരുത്തി: “സാറന്മാര് ഇടയ്ക്കിടെ വന്ന് പോകും. ഒരു നടപടിയുമില്ല. കൊതുകു കടിയും കുറുനരിയുടെയും മരപ്പട്ടിയുടെയും ശല്യം കൊണ്ടു മടുത്തു. കണ്ണൊന്നു തെറ്റിയാല്‍ വീടിനു പിന്നിലെ 40 അടി വരുന്ന കിടങ്ങിലേക്ക് വീഴും”. പെരുവ കാരിക്കോട് വരാക്കുന്നേല് കോളനിയിലെ വീട്ടമ്മയുടെ വാക്കുകളാണിത്. കനാല്‍ നിര്‍മാണം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു.
പൂര്‍ത്തിയായതുമില്ല വെള്ളവുമില്ല. നിര്‍മാണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് ലോഡ് മണ്ണും കരിങ്കല്ലും കടത്തി. കോടികളുടെ ഇടപാടുകളില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഒരു മനസോടെ പ്രവര്‍ത്തിച്ച കാലമായിരുന്നു 2010 മുതലുള്ള ഏതാനും വര്‍ഷങ്ങള്‍. മറ്റ് പലയിടത്തും കനാല്‍ വരുന്നത് കണ്ട് കാരിക്കോടിനും കനാല്‍ വേണമെന്ന ആവശ്യത്തിനായി മുന്‍കൈയെടുത്ത് ഓടിനടന്ന ജനപ്രതിനിധികളടക്കം പലരും ഇതു വേണ്ടായിരുന്നെന്ന തോന്നലിലാണിന്ന്.
ഒരു നാടിനെ ആകെ വെട്ടിപ്പിളര്‍ന്ന് ഗര്‍ത്തങ്ങളാക്കി അപകടസ്ഥലങ്ങളായും മാലിന്യനിക്ഷേപ കേന്ദ്രങ്ങളുമാക്കി മാറ്റിയിട്ട് പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ കരാറുകാരനും ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരേ നടപടി വേണമെന്നാണ് കാരിക്കോട് നിവാസികളായ ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
ടി.എം. ജേക്കബ് ജലസേചന മന്ത്രിയായിരിക്കുന്ന സമയത്താണ് കാരിക്കോടിലേക്ക് കനാല്‍ നിര്‍മിക്കാനുള്ള തീരുമാനമുണ്ടായത്. 2002 ല്‍ കനാല്‍ നിര്‍മാണത്തിനുള്ള പദ്ധതിക്ക് അനുമതി ലഭിച്ചു. 12 കോടി രൂപ കനാല്‍ നിര്‍മാണത്തിനായി വകയിരുത്തി.
പെരുവ-മുളക്കുളം കനാലില്‍നിന്ന് കാരിക്കോട്ടിലേക്ക് കനാല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. കനാലിന്റെ ഇരുവശവും റോഡും വാഗ്ദാനം ചെയ്തിരുന്നു. ജനങ്ങള്‍ വിട്ടുനല്‍കിയ സ്ഥലത്തു കൂടെ എംവിഐപി (മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട്) യുടെ നേതൃത്വത്തില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു. പിന്നീട്, ഈ അലൈന്മെന്റിനെ സംബന്ധിച്ചു വ്യാപകമായ ആക്ഷേപം ഉയര്‍ന്നുവന്നു. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.
2004ല്‍ കനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രവൃത്തികള്‍ നിര്‍ത്തി . വിവിധ സംഘടനകള്‍ കനാല്‍ നിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും നടത്തി. 2006 അലൈന്മെന്റും പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റ് തുകയും പുതുക്കി നിശ്ചയിച്ചു. പുതുക്കിയ ടെന്‍ഡര്‍ നടത്തി. 39 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് നല്കി റവന്യു വകുപ്പ് സ്ഥലം ഏറ്റെടുത്തു. നിലം സെന്റിന് രണ്ടായിരം രൂപയ്ക്കും പുരയിടത്തിനു 9,800 രൂപയും വില നല്‍കിയാണ് ഏറ്റെടുത്തത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതോടെ 2011-ല്‍ വീണ്ടും നിര്‍മാണം തുടങ്ങി. മണ്ണെടുപ്പും കരിങ്കല്ല് പൊട്ടിക്കലും യഥേഷ്ടം കാലങ്ങളോളം തുടര്‍ന്നു. കനാലിന്റെ രൂപരേഖ തന്നെ പിന്നീട് വികൃതമാക്കിയെന്നും നാട്ടുകാര്‍ പറയുന്നു.