പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ എണ്ണം കൂടും; പരാതികളും
1480669
Wednesday, November 20, 2024 8:08 AM IST
കടുത്തുരുത്തി: പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ എണ്ണം കൂടും. പരാതികളും വ്യാപകമാകും. പുതിയ വാര്‍ഡുകള്‍ക്കായി അടര്‍ത്തി മാറ്റിയ പ്രദേശം സംബന്ധിച്ചും നിലവിലുള്ള ചില വാര്‍ഡുകളുടെ ഘടനകളുമൊക്കെ പരാതിയായി വന്നിട്ടുണ്ട്. കടുത്തുരുത്തി പഞ്ചായത്തില്‍ നിലവില്‍ 19 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. നിലവിലുള്ളതിനോട് ഒരു വാര്‍ഡ് കൂടി വര്‍ധിച്ചു 20 വാര്‍ഡായി കരട് വിജ്ഞാപനം പുറത്തിറങ്ങി.
11 മുതല്‍ 15 വരെയുള്ള വാര്‍ഡുകളില്‍ നിന്നുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാര്‍ഡ് വന്നിരിക്കുന്നത്. ഗവണ്മെന്റ് ഐടിഐ എന്നാണ് പുതിയ വാര്‍ഡിന്റെ പേര്. ഒന്നാം വാര്‍ഡിലെ 50 വീടുകള്‍ 20-ാം വാര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പത്താം വാര്‍ഡായ മുട്ടുചിറ വെസ്റ്റ് എന്ന വാര്‍ഡിന്റെ ഘടന പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്.
മുട്ടുചിറ, കുന്നശേരിക്കാവ് മുതല്‍ ബ്ലോക്ക് ജംഗ്ഷന്, തത്തപ്പള്ളി വരെയുള്ള രീതിയിലാണ് വാര്‍ഡ്. നിലവില്‍ പുതുതായി രൂപീവത്കരിച്ചിട്ടുള്ള 13-ാം വാര്‍ഡിനായി കൂട്ടിച്ചേര്‍ത്ത ഭാഗങ്ങളെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ക്കും പരിഹാരം വേണമെന്നുമാണ് സിപിഎം നിലപാട്. ചില വാര്‍ഡുകളിലെ കൂട്ടിച്ചേര്‍ക്കലുകള്‍ സംബന്ധിച്ചു പരാതി കൊടുക്കാനുള്ള നീക്കത്തിലാണ് പല രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും.
കല്ലറ പഞ്ചായത്ത്
കല്ലറ പഞ്ചായത്തില്‍ നിലവില്‍ 13 വാര്‍ഡുകളാണുള്ളത്. അത് 14 വാര്‍ഡായി വര്‍ധിച്ചു. മുടക്കാലി ഭാഗത്താണ് പുതിയ വാര്‍ഡ് വരുന്നത്.
ഞീഴൂര്‍ പഞ്ചായത്ത്
നിലവില്‍ 14 വാര്‍ഡുകളാണ് ഞീഴൂരിലുള്ളത്. അത് 15 ആയി വര്‍ദ്ധിച്ചു. ഞീഴൂര്‍ ടൗണ്‍ എന്ന പേരിലുണ്ടായിരുന്ന 14-ാം വാര്‍ഡ് വാര്‍ഡ് പതിച്ചേരി എന്ന പേരിലേക്ക് മാറി. എട്ട്, ഒമ്പത്, 11 വാര്‍ഡുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയതായി സിഎച്ച്സി എന്ന പേരില്‍ 12-ാം വാര്‍ഡ് നിലവില്‍ വന്നു.