മാലിന്യപ്രശ്നം: കരൂരിലെ മീനച്ചിൽ റബർ ഫാക്ടറി നാട്ടുകാര്‍ അടപ്പിച്ചു
1480277
Tuesday, November 19, 2024 6:40 AM IST
പാലാ: കരൂരില്‍ പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ റബര്‍ ഫാക്ടറിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍. ഇവിടെനിന്ന് രൂക്ഷമായ ദുര്‍ഗന്ധം വ്യാപിക്കുന്നുവെന്നും മലിനജലം പുറത്തേക്ക് ഒഴുക്കുന്നുവെന്നും ആരോപിച്ചാണ് നാട്ടുകാര്‍ ഇന്നലെ ഫാക്ടറി ഉപരോധിച്ചതും അടപ്പിച്ചതും.
വര്‍ഷങ്ങളായി സാമ്പത്തികബാധ്യതയെത്തുടര്‍ന്ന് അടഞ്ഞുകിടന്ന ഫാക്ടറി ആറു മാസം മുമ്പാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി വാടകയ്ക്കെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഏതാനും മാസങ്ങളായി ഇവിടെ പ്രവര്‍ത്തനം നടന്നുവരുകയായിരുന്നു. പൂര്‍ണമായും ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയുന്നത്. നാല് ശുദ്ധീകരണ പ്ലാന്റുകള്‍ ഉള്ളിടത്ത് ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
കൂടുതലായി വരുന്ന അമോണിയ അടങ്ങിയ മലിനജലം പുറത്തേക്ക് ഒഴുക്കുന്നതു മൂലം സമീപവാസികള്‍ക്ക് ശ്വാസംമുട്ടലും ബോധക്ഷയവും ഉണ്ടാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. മാലിന്യപ്രശ്നം പരിഹരിക്കാതെ ഫാക്ടറി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.