കേന്ദ്ര നിലപാട് മനുഷ്യത്വരഹിതം: ജോസ് കെ. മാണി
1480291
Tuesday, November 19, 2024 6:40 AM IST
കോട്ടയം: നരേന്ദ്രമോദി പ്രധാനമന്ത്രിയായി ഭരണം നടത്തുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ഇപ്പോൾ കേരളം എന്ന ഭൂപ്രദേശമില്ലേ എന്ന ചോദ്യവുമായി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.
ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം കേരളത്തിന് എന്തുകൊണ്ട് ലഭ്യമാക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ഏക വ്യക്തി പ്രധാനമന്ത്രി മാത്രമാണെന്നും വയനാട്ടിൽ ദുരന്തത്തിന് ഇരയായി നരകയാതന അനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാൻ കഴിയുകയില്ല എന്ന നിലപാട് മനുഷ്യത്വരഹിതവും ക്രൂരവുമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാടിനോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരേ യൂത്ത് ഫ്രണ്ട്-എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യുവരോഷാഗ്നി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ, ഡോ.സ്റ്റീഫൻ ജോർജ്, അലക്സ് കോഴിമല, സണ്ണി തെക്കേടം, പ്രഫ. ലോപ്പസ് മാത്യു, വിജി എം. തോമസ്, സാജൻ തൊടുക, ജോസഫ് ചാമക്കാല, യൂത്ത്ഫ്രണ്ട്-എം ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, അജിത സോണി, സുനിൽ പയ്യപ്പള്ളി, സിജോ പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു.