താഴത്തങ്ങാടി ജലമേള അലങ്കോലപ്പെടുത്തിയതിൽ വെസ്റ്റ് ക്ലബ് നിയമ നടപടിയിലേക്ക്
1480288
Tuesday, November 19, 2024 6:40 AM IST
കുമരകം: താഴത്തങ്ങാടിയിലെ 123-ാമത് ജലമേള ചുണ്ടൻവള്ളം നടുവിലിട്ടു തടസപ്പെടുത്തിയതിൽ താഴത്തങ്ങാടി വെസ്റ്റ് ക്ലബ് നിയമനടപടി സ്വീകരിക്കാനാനൊരുങ്ങുന്നു. കുമരകം ടൗൺ ബോട്ടു ക്ലബ്ബിനും ക്യാപ്റ്റനുമെതിരേയാണ് നടപടി.
ഈ വർഷത്തെ സിബിഎൽ ഉദ്ഘാടന മത്സരത്തിലെ ഫൈനലും താഴത്തങ്ങാടി ജലമേളയിലെ ചെറുവള്ളങ്ങളുടെ ഫൈനലും നടത്താൻ സാധിക്കാത്തതിനെ തുടർന്നാണ് നിയമ നടപടി.
കുമരകം ടൗൺ ബോട്ട് ക്ലബ് മത്സര വള്ളംകളി നടത്താൻ അനുവദിക്കാതെ വള്ളം ആറിനു നടുവിലിട്ടത് ന്യായീകരിക്കാനാവില്ലെന്നും പരാതികൾ ഉണ്ടെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും വെസ്റ്റ് ബോട്ട് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
സിബിഎൽ മത്സരങ്ങൾ നടത്തുന്നത് വിനോദസഞ്ചാര വകുപ്പാണ്. വിനോദ സഞ്ചാര വകുപ്പിലെ ടെക്നിക്കൽ ഡയറക്ടറുടെ മേൽനോട്ടത്തിലായിരുന്നു ഫിക്സ്ചർ നിശ്ചയിച്ചത്. ഇതിനെതിരേ ഒരു ക്ലബ്ബും മത്സരം തുടങ്ങുന്നതുവരെ പരാതിപ്പെട്ടിരുന്നില്ല. ചെറുവള്ളങ്ങളുടെ ഫൈനൽ നടത്താനായില്ലെങ്കിലും പങ്കെടുത്ത എല്ലാ വള്ളങ്ങൾക്കും ന്യായമായ പ്രൈസ് മണി ക്ലബ് നൽകിയെന്നും ഭാരവാഹികൾ അറിയിച്ചു.