ജില്ലാ കലോത്സവം തലയോലപ്പറമ്പില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
1480588
Wednesday, November 20, 2024 6:48 AM IST
കോട്ടയം: കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട്ടില് കൗമാര കലോത്സവത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 27 മുതല്‍ 30 വരെ തലയോലപ്പറമ്പിലാണ് റവന്യു ജില്ലാ കലോത്സവം. ജില്ലയിലെ 13 സബ്ജില്ലകളില്‍ നിന്നുള്ള ഏഴായിരത്തോളം കുട്ടികള്‍ 78 ഇനങ്ങളിലായി യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി മത്സരിക്കും. സംസ്കൃത കലോത്സവവും അറബിക് കലോത്സവവും കലോത്സവത്തിന്റെ ഭാഗമായി നടക്കും.
തലയോലപ്പറമ്പ് എം.ജെ. ജോണ്‍ സ്കൂളാണ് പ്രധാന വേദി. വൈക്കം മുഹമ്മദ് ബഷീര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവണ്മെന്റ് എല്‍പിഎസ് സ്കൂള്‍, സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്താണ് ഭക്ഷണ ശാല. 27 മുതല്‍ 30 വരെ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും മത്സരാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും ഭക്ഷണമുണ്ടാകും.
27നു രാവിലെ ഉദ്ഘാടന സമ്മേളനവും തുടര്‍ന്ന് രചനാ മത്സരങ്ങളും ഏതാനും സ്റ്റേജ് മത്സരങ്ങളുമാണ് ഉണ്ടായിരിക്കുക. 28,29 തീയതികളിലാണ് പ്രധാന മത്സരങ്ങള്‍. 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപന സമ്മേളനം നടക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സാംസ്കാരിക അവതരണ നൃത്തവുമുണ്ടായിരിക്കും. മന്ത്രി വി.എന്‍. വാസവന്, സി. കെ. ആശ എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന, സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
കെപിഎസ്ടിഎ സംഘടനയ്ക്കാണ് പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല. കെഎസ്ടിഎയ്ക്കാണ് ഭക്ഷണത്തിന്റെ ചുമതല. എഎച്ച്എസ്ടിഎയ്ക്കാണ് പ്രചാരണ ചുമതല. സബ് ജില്ലാ മത്സരങ്ങള്‍ നാളയേ പൂര്‍ത്തിയാകുകയുള്ളൂ. അപ്പീലുകള്‍ ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതിനു ശേഷമായിരിക്കും പ്രോഗ്രാമുകളുടെ ക്രമീകരണം നടത്തുക. കലോത്സവ വിജയത്തിനായി രൂപീകരിച്ചിരിക്കുന്ന വിപുലമായ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
അഞ്ച് ഗോത്രകലകള്‍ മത്സരയിനത്തില്‍
അഞ്ച് ഗോത്രകലകള്‍ ഇത്തവണ മത്സരയിനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മംഗലംകളി, ഇരുള നൃത്തം, പനയനൃത്തം, മലപുലയാട്ടം, പളിയനൃത്തം എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്ന മത്സരയിനങ്ങള്‍. കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തില്‍ അവതരണ നൃത്തമായി മംഗലംനൃത്തം അവതരിപ്പിച്ചിരുന്നു.
കലോത്സവത്തിന് ഫണ്ട് തികയില്ല
കലോത്സവത്തിന് സര്‍ക്കാര്‍ ഫണ്ട് 17.5 ലക്ഷം രൂപയാണ് അലോട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏഴര ലക്ഷം രൂപ ഭക്ഷണത്തിനു മാത്രമായി അലോട്ട് ചെയ്തിട്ടുണ്ട്. 23 ലക്ഷം രൂപയാണ് കലോത്സവത്തിന്റെ ഏകദേശ ബജറ്റ്. ബാക്കി ആറു ലക്ഷം രൂപ സംഘാടക സമിതി കണ്ടെത്തണം. ജില്ലയിലെ ഹൈസ്കൂള്‍ മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നും കലോത്സവ ഫണ്ട് സ്വീകരിച്ചിട്ടുണ്ട്. ഇതു നാമമാത്രമേയുള്ളൂ.
ഭക്ഷണം, ജഡ്ജുമാര്ക്കുള്ള പണം, പന്തല്‍, സ്റ്റേജ്, ലൈറ്റ് ആന്‍ഡ് സൗണ്ട് എന്നിവയ്ക്കെല്ലാം മുന്‍വര്‍ഷങ്ങളില്‍ നിന്നും തുക വര്‍ധിച്ചിട്ടുണ്ട്. ബാക്കി തുക സ്പോണ്‍സര്‍മാരെ ഉപയോഗിച്ച് കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ഗദേശം. എന്നാല്‍ സ്പോണ്‍സര്‍മാരെ ഇതുവരെ ലഭിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും സംഘാടക സമിതി തേടുന്നുണ്ട്.
ആകാശമിഠായിയും ഇമ്മിണി ബല്യ ഒന്നും ലോഗോയില്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്ടില്‍ നടക്കുന്ന കലോത്സവത്തിനു ബഷീറിന്റെ കഥയിലെ ആകാശമിഠായി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇമ്മിണി ബല്യ ഒന്നും ലോഗോയിലുണ്ട്. ബഷീറിന്റെ പ്രേമലേഖനം എന്ന കഥയിലെ ആകാശമിഠായിയാണ് ലോഗോയില്‍ കലോത്സവത്തിന്റെ പേരായി നല്‍കിയിരിക്കുന്നത്. ബാല്യകാല സഖിയിലെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗമാണ് ടാഗ് ലൈനായി സ്വീകരിച്ചിരിക്കുന്നത്.
പാറമ്പുഴ ഹോളിഫാമിലി സ്കൂളിലെ അഭിജിത്ത് ബിനോയിയാണ് ലോഗോ തയാറാക്കിയിരിക്കുന്നത്. കടുത്തുരുത്തി ഗവണ്മെന്റ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ഷംലയാണ് പേരും ടാഗ് ലൈനും തയാറാക്കിയത്. ലോഗോയുടെ പ്രകാശനം ഇന്നു നടക്കും.