ശബരിമല തീർഥാടനകാലം: ഇരട്ടി ഫീസ്, പരാതികൾ വ്യാപകം
1480584
Wednesday, November 20, 2024 6:48 AM IST
എരുമേലി: ശബരിമല തീർഥാടന കാലം ആരംഭിച്ച് ഒരാഴ്ച ആകും മുമ്പെ എരുമേലിയിൽ പരാതികൾ വ്യാപകം. ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഇരട്ടി തുക ഫീസ് ഈടാക്കിയെന്നും വ്യാജ രസീത് നൽകിയെന്നുമുള്ള പരാതിയിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ദേവസ്വം ബോർഡിന്റെ ഔദ്യോഗിക സീൽ ഇല്ലാത്ത രസീത് ബുക്ക് ഉപയോഗിച്ച് പാർക്കിംഗ് ഫീസ് ഈടാക്കിയത് ശബരിമല കർമ സമിതി പ്രവർത്തകർ പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു. സീൽ ഇല്ലാത്ത രണ്ട് ബുക്കുകൾ പോലീസ് കണ്ടെടുത്തു. ശുചി മുറികൾക്കും പാർക്കിംഗിനും അമിത തുക ഈടാക്കുന്നതായി കർമ സമിതി ഭാരവാഹികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഒരേ നിരക്കിൽ ഫീസ് ഈടാക്കുന്നില്ലെന്നും പരാതി ഉയർന്നിരിക്കുകയാണ്.
മാലിന്യങ്ങൾ നീക്കുന്നില്ല
പാർക്കിംഗ് ഗ്രൗണ്ടുകളിൽ ദിവസവും മാലിന്യങ്ങൾ കുമിയുന്നത് യഥാസമയം നീക്കുന്നില്ല. പ്ലാസ്റ്റിക് വസ്തുക്കൾ, ഡിസ്പോസിബിൾ സാധനങ്ങൾ തുടങ്ങിയവയും ഭക്ഷണ മാലിന്യങ്ങളും ഒന്നിച്ചു കൂട്ടി ഗ്രൗണ്ടുകളിൽ ഇടുകയാണ്. ഇവ വേർതിരിച്ചു ഇടാൻ ബിന്നുകൾ സ്ഥാപിച്ചിട്ടില്ല. ഗ്രൗണ്ടിന്റെ പുറകിലും മൂലയിലും ഇത്തരം നിരവധി മാലിന്യങ്ങൾ കുമിഞ്ഞിരിക്കുകയാണ്.
തോടിനോട് ചേർന്നുള്ള ഗ്രൗണ്ടുകളിൽ ഇത്തരം മാലിന്യങ്ങൾ രാത്രിയിൽ തോട്ടിൽ ഉപേക്ഷിച്ചു കളയുന്നുണ്ട്.
ഗ്രൗണ്ടുകൾ കരാർ എടുത്തവർ മാലിന്യങ്ങൾ വേർതിരിച്ചു ഇടാൻ സംവിധാനം ഒരുക്കണമെന്നും സ്വന്തം ചെലവിൽ ഇവ നീക്കം ചെയ്ത് ശാസ്ത്രീയമായ സംസ്കരണത്തിന് കൈമാറണമെന്നുമാണ് വ്യവസ്ഥ. ഇതിന് ഫീസ് നൽകി പഞ്ചായത്ത് മുഖേനെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകുമെന്നിരിക്കെയാണ് മാലിന്യങ്ങൾ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നത്.
ഏകോപനമില്ല
വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ റവന്യു കൺട്രോൾ റൂമിന്റെ പ്രവർത്തനം ഫലപ്രദമല്ലെന്ന് ആക്ഷേപം. കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ വിജിലൻസ് സ്ക്വാഡ് പ്രവർത്തനം ശക്തമാകാത്തതുകൊണ്ടാണ് പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാലിന്യങ്ങൾ നിറഞ്ഞത് യഥാസമയം നീക്കാത്തതെന്ന് പറയുന്നു. ഓരോ വകുപ്പുകളിലും ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ റവന്യു കൺട്രോൾ റൂമിൽ വിലയിരുത്തുകയും മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകുകയും വേണമെന്നിരിക്കെ ഇതിനായി മോണിറ്ററിംഗ് യോഗം ചേരുന്നില്ലെന്നാണ് ആക്ഷേപം.
ഉയർന്ന നിരക്ക്
പേട്ടതുള്ളലിൽ ഭക്തർ ഉപയോഗിക്കുന്ന സാധനങ്ങൾക്ക് ജില്ലാ കളക്ടർ വില നിശ്ചയിച്ചത് ഉയർന്ന നിരക്കിൽ ആണെന്ന ആരോപിച്ച് ശബരിമല കർമ സമിതി ഭാരവാഹികൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഹൈക്കോടതിയിൽ ഹർജി നൽകാനാണ് തീരുമാനം.
പാഴ് വസ്തുക്കൾ കൊണ്ടുള്ള സാധനങ്ങളാണ് പേട്ടതുള്ളലിൽ ഭക്തർ ഉപയോഗിക്കുന്നത്. ഇതിൽ ശരക്കോൽ നിർമിക്കാൻ രണ്ട് രൂപയിൽ താഴെയാണ് ചെലവെന്നും എന്നാൽ, ജില്ലാ കളക്ടർ നിശ്ചയിച്ച വില പ്രകാരം 35 രൂപയാണ് ശരക്കോലിനെന്നും ഇത് ചൂഷണമാണെന്നും ഭാരവാഹികളായ എസ്. മനോജ്, എൻ.ആർ. വേലുക്കുട്ടി എന്നിവർ പറഞ്ഞു. ഇതേ നിലയിൽ മറ്റ് സാധനങ്ങൾക്കും ഉയർന്ന നിരക്കാണ് വില നിശ്ചയിച്ചതെന്നും ഇക്കാര്യത്തിൽ പരാതി അറിയിച്ചെങ്കിലും കളക്ടറുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെന്നും കർമസമിതി ഭാരവാഹികൾ പറഞ്ഞു.
പൊട്ടിപ്പൊളിഞ്ഞു ചെക്ക് ഡാം
കൊരട്ടിയിൽ മണിമലയാറിലെ ചെക്ക് ഡാം പൊട്ടിപ്പൊളിഞ്ഞ് ദുർബലമായി. ഇവിടെ നിന്നും വെള്ളം ശേഖരിച്ചാണ് എരുമേലി വലിയമ്പലത്തിലെ കുളിക്കടവിൽ പ്രീ ഷവർ ബാത്തിന് നൽകുന്നത്. കുളിക്കടവിൽ വെള്ളം കുറയുമ്പോൾ കൊരട്ടി ചെക്ക് ഡാമിൽ നിന്നാണ് വെള്ളം എത്തിക്കുക. എന്നാൽ, ഡാമിന്റെ കോൺക്രീറ്റ് ഭിത്തികൾ പൊളിഞ്ഞതിനാൽ വെള്ളം സംഭരിക്കാൻ കഴിയില്ല.
മണൽ നിറച്ച ചാക്കുകളിൽ ചെക്ക് ഡാം പൊതിഞ്ഞാണ് മുൻകാല സീസണുകളിൽ വെള്ളം ശേഖരിച്ചിരുന്നത്. ഇത്തവണ ഇങ്ങനെ താത്കാലിക തടയണ നിർമിക്കുന്നത് കൊണ്ട് ചെക്ക് ഡാം ബലപ്പെടുത്താൻ കഴിയാത്ത നിലയിലാണ് ഭിത്തികൾ പൊളിഞ്ഞിരിക്കുന്നത്.