ഫിസിക്സിലെ കുരുക്കുകള്‍ ലളിതമായി അഴിച്ച് ജോമോന് സാര്‍; തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും ഒന്നാം സ്ഥാനം
1480573
Wednesday, November 20, 2024 6:48 AM IST
ഭരണങ്ങാനം: ഹൈസ്കൂള്‍ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരവിഭാഗത്തില്‍ ജില്ലയില്‍ തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ഒന്നാം സ്ഥാനം നേടി ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപകനായ ജോമോന് കുരുവിള. ആലപ്പുഴയില്‍ നടന്ന സംസ്ഥാന മത്സരത്തിലും എ ഗ്രേഡ് ലഭിച്ചു. ഫിസിക്സ് അധ്യാപകനായ ജോമോന് ടെക്സ്റ്റ് ബുക്കുകള്‍ക്കപ്പുറം പ്രവര്‍ത്തനങ്ങളിലൂടെയുള്ള പഠനം കൂടുതല്‍ വേണമെന്നാണ് നിലപാട്.
മാഗ്നറ്റിക് ഫീല്‍ഡ്, ബള്‍ബ് സീരീസ്, ലിക്വിഡ് പ്രിസം തുടങ്ങി വിവിധ ശാസ്ത്ര പാഠഭാഗങ്ങളിലെ സംശയങ്ങളുടെ കുരുക്കഴിച്ചാണ് ജോമോന്റെ ക്ലാസുകള്‍ നടക്കാറുള്ളത്. പാഠപുസ്തകങ്ങളില്‍ അച്ചടിച്ചിരിക്കുന്നത് പറഞ്ഞ് മാത്രം പോകാതെ അവയുടെ പ്രായോഗികതലം കുട്ടികള്‍ക്ക് മുന്പില് അവതരിപ്പിച്ചാണ് അധ്യയനം. ടീച്ചിംഗ് എയ്ഡ് മല്‍സരത്തിനായി മാത്രമല്ല ജോമോന്റെ ഈ പ്രയത്നങ്ങള്‍. കുട്ടികളുടെ കൂടെ സഹായത്തോടെ വിവിധ ടീച്ചിംഗ് എയ്ഡ് വസ്തുക്കള്‍ നിര്‍മിച്ച് ക്ലാസില്‍ അവ അവതരിപ്പിച്ചാണ് പഠനം മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ 12 വര്‍ഷമായി ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്കൂളിലെ ഫിസിക്സ് വിഭാഗം അധ്യാപകനാണ് ജോമോന് കുരുവിള. അധ്യാപകരുടെ സംസ്ഥാനതല ട്രെയ്നര്‍ കൂടിയാണിദ്ദേഹം. ഫിസിക്സ് പാഠഭാഗത്തിലെ മിക്ക ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും സ്വന്തമായി നിര്‍മിച്ച ഉപകരണങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.