എരുമേലിയിൽ തീർഥാടകത്തിരക്കേറി
1480586
Wednesday, November 20, 2024 6:48 AM IST
എരുമേലി: എരുമേലി ശരണംവിളികളാൽ മുഖരിതമായി. അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം വിളികളോടെ ആയിരക്കണക്കിന് അയ്യപ്പന്മാർ കൊച്ചന്പലത്തിൽ നിന്ന് വാവരു പള്ളി വണങ്ങി വലിയന്പലത്തിലേക്ക് ആചാരാനുഷ്ഠാനങ്ങളോടെ പേട്ടതുള്ളുകയാണ്.
എരുമേലി ടൗൺ മുതൽ വലിയന്പലം വരെ പേട്ടതുള്ളലിനായി തീർഥാടകർക്ക് റോഡിന്റെ ഒരു വശം മാറ്റിവച്ചതോടെ അനുഷ്ഠാനങ്ങളോടെയുള്ള പേട്ടതുള്ളലിന് തടസമില്ലാതായി. രണ്ടു ദിവസമായി അഭൂതപൂർവമായ തീർഥാടക തിരക്കാണ് എരുമേലിയിൽ അനുഭവപ്പെടുന്നത്.
കാനനപാതയിലൂടെയുള്ള തീർഥാടകരുടെ തിരക്കും വർധിച്ചു. രണ്ടു ദിവസമായി മഴയ്ക്കു ശമനം ലഭിച്ചതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവിലും വർധനവുണ്ട്. കൊരട്ടിയാറ്റിലും വലിയതോട്ടിലും കുളിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. വൻ ഉദ്യോഗസ്ഥ സന്നാഹം എരുമേലിയിൽ തന്പടിച്ചിരിക്കുന്നു. ആരോഗ്യവകുപ്പും പോലീസും 24 മണിക്കൂറും ജാഗരൂകരാണ്.
നഗരത്തിലുടനീളം ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ സ്ഥാപിച്ച് മോഷ്ടാക്കളെ നിരീക്ഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പ് വിവിധ ഭാഷകളിൽ വലിയന്പലത്തിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും തീർഥാടകർക്കു നൽകുന്നുണ്ട്. വിവിധ സ്റ്റേഷനുകളിലും ക്യാന്പുകളിലും നിന്നായി മുന്നൂറിലേറെ പോലീസിനെയാണ് എരുമേലിയിൽ വിന്യസിച്ചിരിക്കുന്നത്.