അസൗകര്യങ്ങളുടെ നടുവിൽ നട്ടംതിരിഞ്ഞ് മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
1480387
Tuesday, November 19, 2024 8:07 AM IST
മാടപ്പള്ളി: മാടപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവുമൂലം ഒപി സമയം വെട്ടിക്കുറച്ചു. നേരത്തേ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു ഒപി സമയം. എന്നാല്‍ ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞതോടെയാണ് സമയം ഉച്ചകഴിഞ്ഞ് മൂന്നുവരെയായി കുറഞ്ഞതെന്നാണ് രോഗികള്‍ ചൂണ്ടിക്കാട്ടുന്നത്. ദിനംപ്രതി ഇരുനൂറിനും മുന്നൂറിനും ഇടയില്‍ രോഗികള്‍ ഒപിയില്‍ എത്തുന്ന ആശുപത്രിയാണിത്.
നാലു ഡോക്ടര്‍മാരുടെ തസ്തികയാണ് ആശുപത്രിയിലുള്ളത്. ഒരുമാസമായി ഒരു ഡോക്ടര്‍ അവധിയിലാണ്. ഒരു ഡോക്ടര്‍ മറ്റിതര ഡ്യൂട്ടികള്‍ക്കായി ഫീല്‍ഡില്‍ പോകേണ്ടി വരും. ഇതോടെയാണ് മാനേജ്മെന്റ് കമ്മിറ്റി നിര്‍ദേശിക്കപ്പെട്ട അഞ്ചുവരെയുള്ള സമയത്ത് ഒപി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നത്. ഡോക്ടര്‍ അവധി കഴിഞ്ഞ അടുത്താഴ്ച എത്തുമെങ്കിലും ഒരു ഡോക്ടറെയെങ്കിലും മണ്ഡലകാല സേവനത്തിനായി നിയോഗിക്കപ്പെടേണ്ടി വരുന്നതോടെ ആശുപത്രി പ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയിലാകും.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ആശുപത്രിയില്‍ കിടത്തി ചികിത്സാ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ജീവനക്കാരുടെ കുറവുമൂലം നിര്‍ത്തലാക്കപ്പെടുകയായിരുന്നു. മാടപ്പള്ളി, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തികളിലെ നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്.
കെട്ടിടത്തില്‍ മരപ്പട്ടികള്‍ കൂടുകൂട്ടി, റൂഫിംഗിലെ സീലിംഗുകള്‍ നിലംപൊത്തി
കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് മാടപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം. രോഗികള്‍ക്കും തിങ്ങിക്കൂടി നില്‍ക്കേണ്ട അവസ്ഥയാണ്. കെട്ടിടത്തില്‍ മരപ്പട്ടികള്‍ കൂട്ടത്തോടെ പാര്‍ക്കുന്നതും ശല്യമായിട്ടുണ്ട്. ഡോക്ടര്‍ ഇരുന്ന് രോഗിയെ പരിശോധിക്കുന്ന മുറിയുടെ റൂഫിംഗിന്റെ സീലിംഗ് കഴിഞ്ഞദിവസം തകര്‍ന്നു വീണിരുന്നു. ഇ-ഹെല്‍ത്ത് സംവിധാനമായതിനാല്‍ കണ്‍സള്‍ട്ടിംഗ് വിവരങ്ങള്‍ ഡോക്ടര്‍മാര്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനുള്ള സൗകര്യങ്ങള്‍പോലും മുറികളിലില്ല. കെട്ടിടത്തിലെ വയറിംഗ് തകരാറിലായത് ജീവനക്കാരിലും രോഗികളിലും ആശങ്ക പടര്‍ത്തുന്നു.
ജനപ്രതിനിധികള്‍ ഇടപെടണം
മാടപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ദുരിതാവസ്ഥ പരിഹരിക്കാന്‍ മാടപ്പള്ളി പഞ്ചായത്ത് അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ആശുപത്രിക്കെട്ടിടം നവീകരിക്കാനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഫണ്ട് വകയിരുത്തണമെന്ന ആവശ്യവും ശക്തമാണ്. വിഷയത്തില്‍ എംപിയും എംഎല്‍എയും ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് വരും ദിവസങ്ങളില്‍ സമരപരിപാടികള്‍ ആവിഷ്കരിക്കാന്‍ രാഷ്ട്രീയ സന്നദ്ധ സംഘടനകള്‍ ആലോചന നടത്തുന്നുണ്ട്.
ബിജെപി ധര്‍ണ നടത്തി
മാടപ്പള്ളി: മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമാക്കുക, പുതിയ കെട്ടിടം നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ആശുപത്രി പടിക്കല്‍ സമരം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ വി.വി. വിനയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
ജി. അശോക്, സന്ധ്യാ എസ്. പിള്ള ബാലകൃഷ്ണന് നായര്‍, പി.ജെ. ജേക്കബ്, സി.ഡി. ജയ്മോന്, ഡി. ഗോപാലകൃഷ്ണന് ചിറയത്ത്, അജോഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.