സാമൂഹ്യവിരുദ്ധ താവളമായി മുണ്ടക്കയത്തെ പഴയ വില്ലേജ് ഓഫീസ് കെട്ടിടം
1480587
Wednesday, November 20, 2024 6:48 AM IST
മുണ്ടക്കയം: മുണ്ടക്കയം വരിക്കാനി കവലയിലെ പഴയ എരുമേലി വടക്ക് വില്ലേജ് ഓഫീസ് കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളം. അമരാവതിയിൽ എരുമേലി വടക്ക് വില്ലേജ് ഓഫീസിനു പുതിയ കെട്ടിടം നിർമിച്ചു പ്രവർത്തനം മാറ്റിയതോടെ വരിക്കാനി കവലയിലെ റവന്യൂ വകുപ്പിന്റെ കീഴിലുള്ള പഴയ ഓഫീസ് കെട്ടിടം വെറുതെ കിടക്കുന്നതോടെയാണ് സാമൂഹ്യവിരുദ്ധർ താവളമാക്കിയത്.
രണ്ടു നിലകളിലുള്ള കെട്ടിടത്തിൽ നിലവിൽ മറ്റ് ഓഫീസുകളൊന്നും പ്രവർത്തിക്കുന്നില്ല. കെട്ടിടത്തിനു ചുറ്റും മദ്യകുപ്പികളും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ മദ്യപാന സംഘവും സാമൂഹ്യ വിരുദ്ധരും തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്.
റവന്യൂ വകുപ്പിനു കീഴിലുള്ള ഈ കെട്ടിടം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നു പ്രഖ്യാപനം നടത്തി മാസങ്ങൾ കഴിഞ്ഞെങ്കിലും വെറുതെ കിടന്നു നശിക്കുകയാണ്. മുന്പു സബ് ട്രഷറിയുടെ പ്രവർത്തനം ഇങ്ങോട്ടു മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. പട്ടയ വിതരണവുമായി ബന്ധപ്പെട്ട ഓഫീസിന്റെ പ്രവർത്തനം ഇവിടെ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതും നടന്നില്ല.
നാളുകളായി ഉപയോഗിക്കാതെ വെറുതെ കിടക്കുന്ന കെട്ടിടം ഇന്നു നാശത്തിന്റെ വക്കിലാണ്. അടിയന്തരമായി ഈ കെട്ടിടത്തിൽ ഏതെങ്കിലും ഓഫീസുകൾ പ്രവർത്തനമാരംഭിക്കുകയോ ഇല്ലെങ്കിൽ മറ്റു വകുപ്പുകൾക്കു വിട്ടുകൊടുത്തു പൊതു സമൂഹത്തിനു ഉപകാരപ്രദമായ പ്രവർത്തനം ആരംഭിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.