അരുവിത്തുറ കോളജും കൊച്ചി ഡിജിറ്റലും ധാരണാപത്രം ഒപ്പുവച്ചു
1480403
Tuesday, November 19, 2024 9:01 PM IST
അരുവിത്തുറ: സെന്റ് ജോർജസ് കോളജ് ബിസിഎ വിഭാഗം സോഫ്റ്റ്വെയർ ഡെവലപ്മെന്റ് മേഖലയിൽ ഇന്നൊവേഷൻ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കമ്പനിയായ കൊച്ചി ഡിജിറ്റലുമായി ധാരണാപത്രം ഒപ്പുവച്ചു.
കരാറിലൂടെ സംയുക്ത സോഫ്റ്റ്വെയർ വികസന പദ്ധതികളിൽ സഹകരിക്കാൻ വിദ്യർഥികൾക്ക് അവസരമൊരുങ്ങും. ഗവേഷണ അധിഷ്ഠിത ആപ്ലിക്കേഷനുകൾ, നൂതന സോഫ്റ്റ്വെയർ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ ഈ പങ്കാളിത്തത്തിന്റെ ഭാഗമാണ്.
കരാറിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്, സ്കിൽ ഡെവലപ്മെന്റ്, മെന്റർഷിപ്പ് പ്രോഗ്രാമുകൾ തുടങ്ങിയവ സാധ്യമാകും. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫും കൊച്ചി ഡിജിറ്റലിനായി സിഇഒ ദീപു ജോബുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ഡോ. ജെസ്റ്റിൻ ജോയി, അധ്യാപകരായ ലിനു ടി. ജയിംസ്, ഡോ. സൗമ്യ ജോർജ്, ഡോ. ജെമിനി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.