ആലപ്പുഴയില്‍നിന്നു കുറുവാസംഘം കോട്ടയത്തേക്ക്; പോലീസ് ജാഗ്രതയില്‍
1480591
Wednesday, November 20, 2024 6:48 AM IST
കോട്ടയം: ആലപ്പുഴ കുണ്ടന്നൂര്‍ പാലത്തോടു ചേര്‍ന്ന് കാടുമൂടിയ ചതുപ്പില്‍നിന്ന് പോലീസ് സാഹസികമായി പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് സെൽവ(25)ന്റെ കൂട്ടാളികളായ 13 പേര് കോട്ടയം ജില്ലയിലേക്കു കടന്നതായി ആശങ്ക.
സന്തോഷിനൊപ്പം വലിയൊരു മോഷണ സംഘമാണ് ആലപ്പുഴയിലും പരിസരങ്ങളിലുമെത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലുടനീളം പോലീസ് രാത്രികാല പട്രോളിംഗ് ഊര്‍ജിതമാക്കി.
തമിഴ് നാടോടി സംഘങ്ങള്‍ പാര്‍ക്കുന്ന ഇടങ്ങളിലും ആളൊഴിഞ്ഞ കടത്തിണ്ണകളിലും പരിശോധന നടക്കുന്നുണ്ട്. സന്തോഷ് സെല്വൻ ഉള്‍പ്പെട്ട സംഘം മുമ്പ് രാമപുരം, പുതുവേലി, പൈക, ചങ്ങനാശേരി, ചിങ്ങവനം എന്നിവിടങ്ങളില്‍ മോഷണം നടത്തിയിരുന്നു.
ഇതുകൂടാതെ കൂത്താട്ടുകുളം, രാമപുരം പ്രദേശങ്ങളില്‍ ഇതേ സംഘം വേറെയും വീടു കവര്‍ച്ച നടത്തിയിട്ടുള്ളതായാണ് സംശയം. കാഞ്ഞിരപ്പള്ളി, കൂത്താട്ടുകുളം, പാലാ എന്നിവിടങ്ങളില്‍ സന്തോഷ് സെല്വൻ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല കാഞ്ഞിരപ്പള്ളി, പാലാ, കൂത്താട്ടുകുളം പ്രദേശങ്ങള്‍ ഇയാള്‍ക്ക് നല്ല പരിചയമുണ്ട്.
മലയാളം നന്നായി സംസാരിക്കുന്ന സന്തോഷിന് മോഷണ സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും തൊണ്ടിമുതല്‍ കൈമാറുന്നതിലും വൈദഗ്ധ്യമുണ്ട്. ഇന്നലെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സന്തോഷ് സെല്‍വനെ കോട്ടയം ജില്ലയില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുമെന്നാണ് സൂചന.
ഇയാള്‍ക്കൊപ്പം ആലപ്പുഴ പ്രദേശത്ത് കഴിഞ്ഞ ആഴ്ചകളില്‍ മോഷണത്തിനുണ്ടായിരുന്ന മണികണ്ഠന് എന്ന കൂട്ടാളിയും ഒളിവിലാണ്. പൈക, രാമപുരം എന്നിവിടങ്ങളില്‍ നടത്തിയ മോഷണങ്ങളില്‍ സന്തോഷിനൊപ്പം മണികണ്ഠനുമുണ്ടായിരുന്നതിനാല് ഇയാള്‍ കോട്ടയം ജില്ലയിലേക്ക് കടന്നതായാണ് ബലമായ സംശയം.
ഇക്കൊല്ലം ജനുവരിമുതല്‍ ഓഗസ്റ്റ്വരെ സന്തോഷ് സെല്വൻ കോട്ടയം, പാലാ, പൊന്‍കുന്നം ജയിലുകളില്‍ കഴിയുകയോ പാലാ, ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പതിവായി ഒപ്പുവയ്ക്കുകയോ ചെയ്തിട്ടുണ്ട്.
ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളിലും മോഷണസ്ഥലങ്ങള് കണ്ടെത്തുകയും മൊബൈലുകള്‍ മാറിമാറി ഉപയോഗിക്കുകയുമാണ് പതിവ്. മോഷണത്തിനു പറ്റിയ വീടുകള്‍ കണ്ടെത്താനും അതനുസരിച്ച് തിരുട്ടുഗ്രാമങ്ങളില്നിന്ന് കുറുവാ സംഘത്തെ എത്തിക്കാനും സന്തോഷിനു സാധിച്ചിരുന്നു.
രാമപുരത്തും പൈകയിലും മോഷണം നടത്തിയത് നാലംഗസംഘമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ വെളിയന്നൂര്‍ പുതുവേലി ചോരക്കുഴിയില്‍ നടത്തിയ മോഷണത്തില്‍ സന്തോഷ് മേയില്‍ പിടിയിലായിരുന്നു. തേനിയിലെ കേന്ദ്രത്തിലെത്തി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് പൈകയില്‍ രണ്ടിടത്ത് മോഷണവും മൂന്നിടത്ത് മോഷണശ്രമവും നടത്തിയ വിവരം ലഭിച്ചത്.
അന്നു നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് സന്തോഷിന് കൂട്ടാളിയായ വേലനും (32) പിടിയിലായത്. മുപ്പതു മോഷണ കേസുകളില്‍ പ്രതിയാണെന്ന് സന്തോഷ് സെല്വൻ കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍, തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ അറുപത് മോഷണ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും പതിനാലാം വയസുമുതല്മോഷണം പതിവാക്കിയെന്നും പോലീസ് പറഞ്ഞു.