അപകടങ്ങൾ പതിവായ മേഖലയിൽ സുരക്ഷാസംവിധാനം ഒരുക്കണം
1480283
Tuesday, November 19, 2024 6:40 AM IST
മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയത്തിനും മുപ്പത്തഞ്ചാംമൈലിനുമിടയിൽ പഴയ വെടിമരുന്ന് കടയ്ക്ക് സമീപം അപകടങ്ങൾ പതിവായ മേഖലയിൽ സുരക്ഷാസംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തം.
മണ്ഡലകാലത്തിന് മുന്നോടിയായി മുപ്പത്തഞ്ചാംമൈൽ മുതൽ സെന്റ് ലൂയിസ് സ്കൂളിന് മുൻവശം വരെ റോഡിന്റെ വശങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, നിരവധി അപകടങ്ങൾ നടക്കാറുള്ള പഴയ വെടിമരുന്നു കടയ്ക്ക് മുൻവശത്ത് റോഡിന്റെ വശങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് അപകടങ്ങൾ വർധിപ്പിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.
ഈ പ്രദേശത്ത് മാത്രം ഏതാനും വർഷങ്ങൾക്കിടെ ചെറുതും വലുതുമായ അപകടത്തിൽ പത്തോളം ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ പ്രദേശവാസികളായ മൂന്നുപേരാണ് ഇവിടെ വാഹനമിടിച്ച് മരിച്ചത്. കൂടാതെ കാൽനട യാത്രക്കാരായ സ്കൂൾ വിദ്യാർഥി അടക്കമുള്ളവരും ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. ദേശീയപാതയുടെ വശങ്ങളിലൂടെ ഒഴുകുന്ന നെടുംതോട്ടിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിലും ആളുകൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
ശബരിമല തീർഥാടനകാലം ആരംഭിച്ചതോടെ വീതി കുറവുള്ള റോഡിൽ അന്യസംസ്ഥാനങ്ങളിൽനിന്നടക്കമുള്ള തീർഥാടന വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. റോഡിന്റെ വശത്ത് സുരക്ഷാസംവിധാനം ഒന്നുമില്ലാത്തതിനാൽ നിയന്ത്രണം തെറ്റിയാൽ വാഹനങ്ങൾ നെടുംതോട്ടിലേക്ക് പതിക്കും. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കും.
മറ്റു മേഖലയിൽ ക്രാഷ് ബാരിയർ നിർമിച്ച് സുരക്ഷ ഒരുക്കിയപ്പോൾ റോഡിന്റെ ഈ ഭാഗത്തും സുരക്ഷാസംവിധാനം ഒരുക്കണമെന്ന് ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ, തുടർനടപടികൾ ഒന്നുമുണ്ടായില്ലെന്നും പ്രദേശവാസികൾ പറയുന്നു.